Deshabhimani

കുടുംബവഴക്ക്: പാലക്കാട് യുവാവ് രണ്ടാനച്ഛനെ കുത്തിക്കൊന്നു

stabbed

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 27, 2026, 07:21 AM | 1 min read

മലമ്പുഴ : മലമ്പുഴ അകമലവാരത്ത്‌ കുടുംബവഴക്കിനെത്തുടർന്ന് ഗൃഹനാഥൻ കൊല്ലപ്പെട്ടു. മൂന്നാം വാർഡ് അയ്യപ്പൻപൊറ്റയിൽ കുരുത്തിക്കടവിൽ വിനോദ് (38) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിനോദിന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനായ സതീഷിനെ (22) പൊലീസ് കസ്റ്റഡിയിലെടുത്തു. ശനി രാത്രി 8.30നായിരുന്നു സംഭവം.


മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വിനോദും സതീഷും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടർന്ന് വീണ്ടും മദ്യം ആവശ്യപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കവും പിടിവലിയും ഉണ്ടായി. ഇതിനിടെ വിനോദിനെ തല്ലി നിലത്തിട്ട് ചവിട്ടിയ സതീഷ് കത്തിയെടുത്ത് വിനോദിന്റെ ഇടതുനെഞ്ചിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.


വിനോദിന്റെയും ഭാര്യയുടെയും പുനർവിവാഹമായിരുന്നു. വിനോദും ഭാര്യയും ഇവരുടെ ആദ്യ വിവാഹത്തിലെ മൂന്ന് മക്കളും ഒരുമിച്ചാണ് താമസം. ഇവർ തമ്മിൽ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപെട്ട്‌ ഒരാഴ്ച മുമ്പ് മലമ്പുഴ പൊലീസ് സ്റ്റേഷനിൽ വിനോദ് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തി പ്രശ്‌നം ഒത്തുതീർപ്പാക്കി. തുടർന്ന് ഒരാഴ്ചയോളം കലഹങ്ങളില്ലാതെ തുടരുന്നതിനിടെയാണ് കൊലപാതകം.


മരംവെട്ടുകാരനായ വിനോദ് ജോലി കഴിഞ്ഞ്‌ ബീവറേജിൽനിന്ന്‌ മദ്യം വാങ്ങി വീട്ടിലെത്തി സതീഷിനൊപ്പം മദ്യപിക്കുന്നതിനിടെയാണ്‌ സംഭവം. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും സതീഷ് മാത്രമാണ് സംഭവസ്ഥലത്തുണ്ടായിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. വീടിന് ഏതാനും മീറ്ററുകൾ അകലെ വീണുകിടന്ന വിനോദിനെ നാട്ടുകാർ സഹായിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് സ്ഥലത്ത്‌ സുരക്ഷ ഏർപ്പെടുത്തി. ഞായർ രാവിലെ വിരലടയാള വിദഗ്ധർ ഉൾപ്പെടെയെത്തി ഇൻക്വസ്റ്റ് നടപടികളും തെളിവെടുപ്പും പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home