ഓൺലൈൻ ഷോപ്പിങ്ങിന്റെ പേരിൽ വ്യാജ സമ്മാനക്കത്ത്; ജാഗ്രത

തിരുവനന്തപുരം : പ്രമുഖ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളിൽ രജിസ്‌റ്റേർഡ് തപാൽവഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നതായി പൊലീസ്. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ അടങ്ങിയ കത്തുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയ തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാൻ കത്തിലുള്ള നമ്പരിൽ ബന്ധപ്പെടാനും ആവശ്യപ്പെടും.
സമ്മാനത്തുക അക്കൗണ്ടിലേക്ക് അയക്കുന്നതിന് പ്രോസസിങ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്‌സ് തുടങ്ങിയ ഇനങ്ങളിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നു. വിശ്വാസ്യത വരുത്താൻ വ്യാജ ഇൻകം ടാക്‌സ് രേഖകളടക്കം വാട്സാപ് വഴി അയച്ചുനൽകും. പണം കൈമാറിക്കഴിഞ്ഞാൽ പിന്നീട് ബന്ധപ്പെടാൻ സാധിക്കില്ല.
സ്ക്രാച്ച് കാർഡുകളോ ഗിഫ്‌റ്റോ വാഗ്ദാനം ചെയ്ത് മുൻകൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ലക്ഷണമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അപരിചിതമായ നമ്പരുകളിലേക്ക് വിളിക്കുകയോ വാട്സാപ് വഴി ബാങ്ക്, വ്യക്തിഗത വിവരങ്ങൾ പങ്കുവയ്‌ക്കുകയോ ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.










0 comments