25 വില്ലേജുകളിൽ കൃഷിഭൂമി ഉൾപ്പെടുത്തി
ഇഎസ്എ; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാതിരുന്നത് ഗുരുതര വീഴ്ച: ജോസ് കെ മാണി

പാലാ : പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ ഒൻപത് ജില്ലകളിലെ 25 വില്ലേജുകളിലെ കൃഷിഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നത് ഗുരുതരമായ ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. പാലായിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.
സെപ്തംബർ 24ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കൃഷിഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. 2014ൽ സംസ്ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 123 ഇഎസ്എ വില്ലേജുകളിൽ പഞ്ചായത്ത്, വനം, റവന്യൂ, കൃഷി, സർവേ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ അഞ്ചംഗ സർക്കാർ സമിതി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഇഎസ്എ ഭൂമി 8,484.05 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഇതിൽ 7,596.67 ചതുരശ്ര കിലോമീറ്റർ വനവും 887.38 ചതുരശ്ര കിലോമീറ്റർ വന പ്ലാന്റേഷനുമാണ്.
ഇതിനു വിപരീതമായി നിലവിലെ പട്ടികയിൽ 8,590.69 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുത്തിയിരിക്കുന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്. നിലവിൽ ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ ഒമ്പത് ജില്ലകളിലെ 25 വില്ലേജുകളിൽ കൃഷിഭൂമി ഇഎസ്എ പട്ടികയിൽ ഉൾപ്പെട്ടതായി വ്യക്തമാണ്. 2014ലെ അഞ്ചംഗ സർക്കാർ സമിതി നടത്തിയ കണക്കെടുപ്പും സെപ്തംബറിൽ കേന്ദ്രത്തിന് സമർപ്പിച്ച കണക്കുകളും തമ്മിലുള്ള വ്യത്യാസം സർക്കാർ അടിയന്തരമായി വിശദീകരിക്കണം.
കരട് വിജ്ഞാപനം വന്നിട്ട് 60 ദിവസത്തെ കാലയളവിൽ 35 ദിവസം പിന്നിട്ടിട്ടും വിഷയത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് കേരള കോൺഗ്രസ് എം പത്തനംതിട്ടയിൽ ഈ വിഷയം ഉയർത്തിക്കാട്ടിയത്. എന്നാൽ പിന്നീട് പോലും ഇഎസ്എ വിഷയത്തിൽ ആവശ്യമായ രാഷ്ട്രീയ ചർച്ചയോ നയപരമായ തീരുമാനമോ ഉണ്ടായില്ല. സുപ്രധാനമായ ഭൂമി, ജനജീവിതം, കൃഷി എന്നിവയെ നേരിട്ട് ബാധിക്കുന്ന വിഷയത്തെ പൂർണമായും ഉദ്യോഗസ്ഥ തലത്തിലേക്ക് മാറ്റിനിർത്തിയത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.
അഞ്ച് മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ 36 നിയമസഭാ മണ്ഡലങ്ങളിലും 15 ലോക്‌സഭാ മണ്ഡലങ്ങളിലും ഇഎസ്എ ബാധിക്കുന്ന സാഹചര്യത്തിൽ, വിഷയത്തിൽ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിൽ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു. സെപ്തംബർ 25ന് മുമ്പ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് നിലവിലുള്ള റിസർവ് വനത്തിന് പുറത്തുള്ള ജനവാസ-കൃഷിഭൂമികളെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് നിയമസഭാ പ്രമേയത്തിലൂടെ വ്യക്തമാക്കുകയും അത് ഔദ്യോഗികമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുകയും ചെയ്യേണ്ടതായിരുന്നു. പ്രത്യേകിച്ച് ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കുന്നതിന് നിയമസഭയുടെ ഏകകണ്ഠമായ നിലപാട് രേഖപ്പെടുത്തേണ്ടത് അനിവാര്യമായിരുന്നു.
ഇക്കാര്യത്തിൽ സെപ്തംബർ 21ന് കർണാടക നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. കേരളം അതേ രീതിയിൽ സമയബന്ധിതമായി ഇടപെടാതിരുന്നത് 123 ഇഎസ്എ വില്ലേജുകളിലെ ഏകദേശം 23 ലക്ഷം ജനങ്ങളുടെ ഭൂമി അവകാശങ്ങളെയും ജീവിതോപാധികളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്.
കസ്തൂരിരംഗൻ കമ്മിറ്റി നിർദ്ദേശിച്ച ഇഎസ്എയിൽ 123 വില്ലേജുകളിലായി 13,018 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മിറ്റി ഉൾപ്പെടെയുള്ള വിവിധ പരിശോധനകളിലൂടെ ഇഎസ്എയുടെ വിസ്തൃതിയും അതിരുകളും സംബന്ധിച്ച് വ്യത്യസ്ത കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. അതിനാൽ ഗാഡ്ഗിൽ കമ്മിറ്റി മുതൽ നാളിതുവരെയുള്ള ഇഎസ്എ സംബന്ധമായ മുഴുവൻ രേഖകളും പരിശോധിച്ച് വസ്തുതകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
ഈ സാഹചര്യത്തിൽ, 2014ലെ അഞ്ചംഗ സർക്കാർ സമിതി 123 വില്ലേജുകളിൽ കണ്ടെത്തിയ വനവിസ്തൃതിയും സെപ്തംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിലെ വില്ലേജ് അടിസ്ഥാനത്തിലുള്ള വനവിസ്തൃതിയും സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണം. ഇഎസ്എയുടെ ആകെ കണക്ക് മാത്രമല്ല, ഓരോ വില്ലേജിലെയും യഥാർഥ വനവിസ്തൃതി ഉൾപ്പെടെയുള്ള കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് മുതൽ കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട്, ഉമ്മൻ വി ഉമ്മൻ കമ്മിറ്റി റിപ്പോർട്ട്, തുടർന്നുള്ള കേന്ദ്ര-സംസ്ഥാന കത്തിടപാടുകൾ, വിവിധ ഘട്ടങ്ങളിലെ സർക്കാർ തീരുമാനങ്ങൾ, ഏറ്റവും ഒടുവിൽ കേന്ദ്രത്തിന് സമർപ്പിച്ച പട്ടിക എന്നിവ ഉൾപ്പെടുത്തി ഇഎസ്എ സംബന്ധിച്ച സമഗ്രമായ ഒരു ധവളപത്രം സംസ്ഥാന സർക്കാർ തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്നും ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു.
ഇഎസ്എയുടെ പേരിൽ കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഭൂമിയവകാശങ്ങൾ ഒരു കാരണവശാലും അനിശ്ചിതത്വത്തിലാകാൻ പാടില്ല. കൃത്യമായ കണക്കുകളും വസ്തുതകളും പുറത്തുവിട്ട് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.









0 comments