ഏഴിമല നാവിക അക്കാദമിയിൽ ഒരു വർഷമായി ജോലി; വ്യാജരേഖകളുമായി ബംഗ്ലാദേശ് പൗരൻ പിടിയിൽ

വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്
കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനെ പൊലീസ് പിടികൂടി. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന വ്യാജരേഖകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ (32) എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒരു വർഷമായി നാവികസേനയുടെ ലോൺട്രി വിഭാഗത്തിൽ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലെ സ്പായിൽ വ്യാജരേഖകളുമായി ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശ് യുവതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.








0 comments