print edition മിനിമം വേജസ് ഉപദേശക സമിതി: തൊഴിലാളി സംഘടനകളെ ഒഴിവാക്കിയത് അനീതി– എളമരം

കേന്ദ്ര മിനിമം വേജസ് ഉപദേശക സമിതിയിൽനിന്ന് പ്രതിപക്ഷ കേന്ദ്ര ട്രേഡ് യൂണിയനുകളെ ഒഴിവാക്കിയ ബിജെപി സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീമിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ സംഘടിപ്പിച്ച പ്രതിഷേധം
കോട്ടയം: കേന്ദ്ര മിനിമം വേജസ് ഉപദേശക സമിതിയിൽനിന്ന് സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ് സംഘടനകളെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി തൊഴിലാളിവിരുദ്ധവും അനീതിയുമാണെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം നടത്തുന്നതിന്റെ പ്രതികാരമാണ് ഈ സമീപനം. പ്രതികരിക്കുന്ന സംഘടനകളെ ഒഴിവാക്കുകയാണ്. ലേബർ കോഡിനെതിരെ സമരം നടത്തിയതാണ് പ്രതികാരത്തിന് കാരണം.
40 കോടി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനകളെയാണ് ഒഴിവാക്കുന്നത്. സംഘടിത സമരം ഇനിയുമുണ്ടാകും. ഈ വിവേചനം തുറന്നുകാണിക്കും. തൊഴിലാളി സംഘടനകളെ ഭിന്നിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചു. എന്നാൽ നീക്കം വിജയിച്ചില്ല. സംഘടനകൾ ഒരുമിച്ചുനിന്നു. തൊഴിലാളികൾക്കുവേണ്ടി വാദിക്കുന്നവരെ നിശബ്ദരാക്കാൻ സർക്കാർ പരിശ്രമിക്കുന്നു. ഇത് ആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ടയാണെന്ന് എളമരം പറഞ്ഞു.
സിഐടിയു പ്രതിഷേധിച്ചു
ഏറ്റുമാനൂർ (കോട്ടയം)കേന്ദ്ര മിനിമം വേജസ് ഉപദേശക സമിതിയിൽനിന്നും സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ് യൂണിയനുകളെ ഒഴിവാക്കിയ ബിജെപി സർക്കാരിന്റെ നടപടിയിൽ സിഐടിയു പ്രതിഷേധ പ്രകടനം നടത്തി. പൊതുയോഗം അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് റജി സഖറിയ അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ സെക്രട്ടറി കെ അനിൽ കുമാർ എന്നിവർ സംസാരിച്ചു.








0 comments