ഇ വാഹനങ്ങൾക്ക് വേണം 150 മെഗാവാട്ട്; കേരളത്തിലെ രജിസ്‌ട്രേഷൻ 13 ശതമാനം കടന്നു

AI Image
സുനീഷ് ജോ
Published on Apr 29, 2026, 08:47 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ വാഹനങ്ങൾക്കുമാത്രം ഒരു ദിവസം ചാർജ് ചെയ്യാൻ വേണ്ടത് 130 മുതൽ 150 വരെ മെഗാവാട്ട് വൈദ്യുതി. രജിസ്‌റ്റർ ചെയ്‌ത മൂന്നരലക്ഷത്തോളം ഇലക്‌ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്.
ഇൗ വർഷം ഇതുവരെ രജിസ്‌റ്റർ ചെയ്‌ത 3,22,518 വാഹനങ്ങളിൽ 42,725 എണ്ണവും ഇ വാഹനങ്ങളാണ്–മൊത്തം രജിസ്‌റ്റർ ചെയ്യുന്നതിന്റെ 13.24 ശതമാനത്തോളം.
കേരളത്തിൽ ഓരോ വർഷവും രജിസ്‌റ്റർ ചെയ്യുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. സ്‌കൂട്ടറാണ് ഏറ്റവും കൂടുതൽ. ഇലക്‌ട്രിക് കാറുകളും ഓട്ടോകളും വാങ്ങുന്നവരുടെ എണ്ണവും കൂടുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. കെഎസ്‌ആർടിസിക്ക് മാത്രം 165 ഇ ബസുകളുണ്ട്.
2021ൽ ഇലക്‌ട്രിക് വാഹനങ്ങൾ 8746 ആണെങ്കിൽ 2025 ൽ ഒരുലക്ഷം കടന്നു. 2026ൽ നാലുമാസം പിന്നിടുന്പോൾ 42,000 കടന്നതോടെ ഡിസംബർ ആകുന്പോഴേക്കും ഒന്നരലക്ഷം കടക്കുമെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു.
വർഷം | ഇ വാഹനങ്ങൾ |
2021 | 8,746 |
2022 | 39,644 |
2023 | 75,814 |
2024 | 83,268 |
2025 | 1,06,993 |
2026 | 42725 ( ഇതുവരെ) |
പ്രതിദിനം ശരാശരി 60– 80 കിലോമീറ്റർ യാത്ര ചെയ്യുന്ന ഇ സ്‌കൂട്ടർ ഉടമയ്‌ക്ക് ശരാശരി മാസത്തിൽ 100 യൂണിറ്റ് വൈദ്യുതി വേണ്ടി വരും. 50 കിലോമീറ്റർ കാറോടിക്കുന്നവർക്ക് 150 യൂണിറ്റും ഓട്ടോഡ്രൈവർക്ക് 250 യൂണിറ്റ് വൈദ്യുതിയും വേണ്ടി വരുമെന്നാണ് കണക്ക്.










0 comments