Deshabhimani

ഇഎസ്എ: തുടക്കവും ഒടുക്കവും ഇല്ലാത്ത മാപ്പിങ് സംവിധാനം; ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന സർക്കാർ

ESA

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Oct 13, 2026, 05:29 PM | 2 min read

തിരുവനന്തപുരം: പരിസ്ഥിതി മേഖലയിൽ നിന്നും 33 വില്ലേജുകളെ ഒഴിവാക്കിയെങ്കിലും ജനവാസ മേഖലകൾ ആശങ്കയിൽ തുടരുന്നു. കഴിഞ്ഞ ദിവസമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളെ സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കേരളം സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കഡസ്ട്രൽ ഭൂപടം സംസ്ഥാന പരിസിഥിതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ ഈ മാപ്പ് എല്ലാ അർഥത്തിലും ജനങ്ങളെ കബളിപ്പിക്കുന്ന വിധത്തിലാണ്.


ഏഴാമത് കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ശുപാർശകൾ സെപ്തംബർ മാസം നൽകിയെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ, 8590 കിലോമീറ്റർ വനപ്രദേശങ്ങൾ മാത്രം ഉൾപ്പെടുന്ന ഇഎസ്എ പ്രദേശങ്ങളുടെ കൃത്യമായ ജിയോ കോർഡിനേറ്റ്സ് മാപ്പ് സമർപ്പിക്കപ്പെട്ടിട്ടില്ല. ഇഎസ്എ പ്രദേശങ്ങളുടെ കൃത്യമായ മാപ്പ് തയ്യാറാക്കി ഏരിയ നിർണയിക്കുന്നതിനു പകരം ചില ഏരിയകൾ മുൻകൂട്ടി നിർണയിച്ച് അതിന് തക്കവിധത്തിലുള്ള മാപ്പ് ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധവും ഉയർന്നു. ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന ജന വഞ്ചനയാണ് യുഡിഎഫ് സർക്കാരിന് കീഴിൽ നടക്കുന്നത്.


കേരളത്തിലെ 98 വില്ലേജുകളിലെ വന വിസ്തൃതി തെറ്റായി ഇഎസ്എ റിപ്പോർട് സമർപ്പിച്ചതിലൂടെ സംഭവിച്ച പാളിച്ച തന്നെയാണ് ഇപ്പോൾ പുറത്തിറക്കിയ മാപ്പിലും പ്രതിഫലിച്ചിട്ടുള്ളത്. മാപ്പിൽ വില്ലേജുകൾ തിരിച്ചുള്ള ഫോറസ്റ്റിന്റെ കണക്കില്ല. വില്ലേജുകൾ തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മാപ്പ് ഉപയോഗിച്ച് വില്ലേജുകളിൽ തങ്ങളുടെ ഭൂമി ഇഎസ്ഐയിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇതിലെല്ലാം പുറമെ ജിഐഎസ് മാപ്പ് ​ഗൂ​ഗിൾ മാപ്പുമായി ലിങ്ക് ചെയ്തി‌ട്ടില്ല. യാതൊരുവിധ ലാൻഡ് മാർക്കുകളും രേഖപ്പെടുത്തിയിട്ടില്ല. സാധാരണക്കാരന് പരിശോധിക്കാൻ പറ്റിയ ഒരു ഫോർമാറ്റിൽ അല്ല മാപ്പ് പ്രസിദ്ധീകരിച്ചത്. ചുരുക്കത്തിൽ ഇഎസ്ഐ മാപ്പ് ജനങ്ങൾക്ക് ഒരു വിധത്തിലും പ്രയോജനപ്പെടില്ല എന്നു സാരം.


നിലവിൽ മാപ്പ് പരിശോധിക്കുമ്പോൾ 'വിശദാംശങ്ങൾ ഉടനെ വരാൻ പോകുന്നു' എന്ന് മാത്രമാണ് ലഭിക്കുന്ന മറുപടി. സ്ഥലത്തിന്റെ പേര്, സ്ഥാപനങ്ങളുടെ പേര്, സർവ്വേ നമ്പർ തുടങ്ങി മറ്റെന്തെങ്കിലും മാനദണ്ഡങ്ങൾ വച്ചൊന്നും പരിശോധിക്കാൻ കഴിയാത്ത വിധത്തിലാണ് മാപ്പ്. തുടക്കവും ഒടുക്കവും ഇല്ലാത്ത മാപ്പിങ് സംവിധാനമായി.


സംസ്ഥാനസർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരിക്കുന്ന ഇപ്പോഴത്തെ റിപ്പോർട്ടിൽ തന്നെ 25ൽ അധികം വില്ലേജുകളിൽ, മുൻപ് സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി, നിലവിലുള്ള വനത്തെക്കാൾ കൂടിയ അളവിലാണ് വനം കാണിച്ചിട്ടുള്ളത്. ഉദാഹരണത്തിന് കോടഞ്ചേരിയിൽ സംസ്ഥാന സർക്കാരിന്റെ 2014ലെയും 2018ലെയും മുൻ രേഖകളനുസരിച്ച് 9 ചതുരശ്ര കിലോമീറ്റർ വനം എന്നുള്ളത് പുതിയ റിപ്പോർട്ടിൽ 14.73 km ആയി വർധിപ്പിച്ച് കാണിച്ചിരിക്കുന്നു. അതായത് 1500 ഓളം ഏക്കർ ജനവാസ കേന്ദ്രങ്ങളെ കൃഷിയിടങ്ങളും വനമാക്കി രേഖപ്പെടുത്തി.


കോഴിക്കോട് ജില്ലയിലെ തിനൂരിൽ അത് 3.57 ചതുരശ്ര കിലോമീറ്റർ നിന്ന് 10.63 ചതുരശ്രകിലോമീറ്റർ ആയി വർധിപ്പിച്ചു. ചുണ്ടേൽ വില്ലേജിൽ ആവട്ടെ മുൻപുള്ള റിപ്പോർട്ട് അനുസരിച്ച് പൂജ്യം ചതുരശ്ര കിലോമീറ്റർ വനമായിരുന്നത് ഇപ്പോഴത്തെ റിപ്പോർട്ട് 6.9 5 ചതുരശ്ര കിലോമീറ്റർ ആക്കി ഉയർത്തി കാണിച്ചു. ഇത്തരത്തിൽ 98 വില്ലേജുകളിലെ 25ൽ അധികം വില്ലേജുകളുടെ വന വിസ്തൃതി സംസ്ഥാന സർക്കാർ ഇപ്പോഴത്തെ റിപ്പോർട്ടിൽ വർധിദ്ധിപ്പിച്ച് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പാകട്ടെ വ്യക്തതയില്ലാത്തതും ദുരൂഹത നിറഞ്ഞതും സാധാരണ ജനങ്ങൾക്ക് അടക്കം ഒരു കാരണവശാലും മനസ്സിലാക്കിയെടുക്കാൻ പറ്റാത്ത വിധത്തിലും ജനങ്ങളെ കബളിപ്പിക്കുന്ന വിധത്തിലും ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പൊതുജന വികാരവലും രൂപപ്പെട്ടു. പലയടിങ്ങളിലും പ്രതിഷേധങ്ങൾ നടക്കുകയാണ്. വരും ദിവസങ്ങളിൽ സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ പശ്ചിമഘട്ട ജനസംരക്ഷണ സമിതി സമാനമായ മറ്റ് ജനകീയ കർഷക സംഘടനകളും ആയി ചേർന്ന് ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് കടക്കും.


വില്ലേജ് അടിസ്ഥാനത്തിലുള്ള ഫോറസ്റ്റ് മാപ്പുകൾ പുറത്തുവിടുകയും കേന്ദ്രത്തിന് സംസ്ഥാന സർക്കാരിൽ നിന്ന് തെറ്റായി സമർപ്പിക്കപ്പെട്ട ഫോറസ്റ്റ് വിസ്തീർണം അടിയന്തരമായി തിരുത്തി നൽകുകയും, വില്ലേജുകളുടെ പേര് പൂർണമായും ഇഎസ് എ യിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നതുവരെ പ്രതിഷേധ സമരങ്ങൾ തുടരുമെന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി നേതാക്കൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home