print edition രാസവസ്‌തുക്കളില്ല; എറണാകുളം ജനറൽ ആശുപത്രിയിൽ ലാബ് പരിശോധനകൾ മുടങ്ങി

ജനറൽ ആശുപത്രിയിൽ 18 പരിശോധനകൾ ലഭ്യമല്ലെന്ന് കാണിച്ച് പുറത്തിറക്കിയ സർക്കുലർ
കൊച്ചി : ലാബോറട്ടറിയിൽ പരിശോധനയ്‌ക്ക് ഉപയോഗിക്കുന്ന രാസവസ്‌തുക്കളുടെ (ലാബ് റിയേജന്റുകൾ) കുറവിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനകൾ മുടങ്ങി. ലാബ് റിയേജന്റുകൾ വാങ്ങാൻ ആവശ്യമായ തുക സംസ്ഥാന സർക്കാർ വകയിരുത്താത്തതാണ് പരിശോധനകൾ മുടങ്ങാൻ കാരണം.
ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെട്ട് ജനങ്ങൾ നെട്ടോട്ടമോടുന്പോഴാണ് സംസ്ഥാന സർക്കാരിന്റെ ഇൗ അനാസ്ഥ. ഡെങ്കിപ്പനിയും മലേറിയയും കണ്ടെത്താനുള്ള പരിശോധനകളടക്കമാണ് മുടങ്ങിയത്.
പതിനെട്ട് പരിശോധനകൾ ലഭ്യമല്ലെന്ന് കാണിച്ച് ആശുപത്രിജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പിൽ ചൊവ്വാഴ്‌ച സർക്കുലർ എത്തിയിരുന്നു. എന്നാൽ, സർക്കുലർ വിവാദമായതോടെ ഇതിൽ 11 പരിശോധനകൾ പുനഃസ്ഥാപിച്ചതായി കാണിച്ച് വാട്‌സാപ് സന്ദേശമിറങ്ങി. എന്നാൽ, ഇതുസംബന്ധിച്ച് പുതിയ സർക്കുലർ ഇതുവരെ ഇറങ്ങിയിട്ടില്ല.
ഡെങ്കിപ്പനി കണ്ടെത്താൻ ഉപയോഗിക്കുന്ന രണ്ട് പ്രധാന പരിശോധനകളായ എൻഎസ്‌വൺ എലിസ, എൽജിജി/എൽജിഎം എലിസ എന്നീ ടെസ്‌റ്റുകൾ ഇപ്പോൾ ആശുപത്രിയിൽ ചെയ്യുന്നില്ല. ടൈഫോയ്‌ഡ് തിരിച്ചറിയാൻ സഹായിക്കുന്ന വിദാൽ ടെസ്‌റ്റും പുനഃസ്ഥാപിച്ചിട്ടില്ല.
ഗർഭിണികളുടെ ഹോർമോൺ വ്യതിയാനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പ്രോലാക്ടിൻ പരിശോധനയും പ്രമേഹരോഗികൾക്കായുള്ള എച്ച്‌ബിഎ1സി പരിശോധനയും പുനഃസ്ഥാപിച്ചവയുടെ കൂട്ടത്തിലില്ല.
ആരോഗ്യരംഗത്തെ അനാസ്ഥമൂലം എറണാകുളം ജില്ലയിൽ പകർച്ചവ്യാധി മരണങ്ങൾ കുത്തനെ വർധിച്ചപ്പോഴാണ് പരിശോധനകളില്ലാതെ ചികിത്സ മുടങ്ങിയത്. രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.









0 comments