Deshabhimani

print edition എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ്; നവജാതശിശുവിന്റെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടു

child
വെബ് ഡെസ്ക്

Published on Oct 04, 2026, 01:31 AM | 1 min read

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതിയുടെയും നവജാതശിശുവിന്റെയും ജീവൻ അപകടത്തിലാക്കുംവിധം ഡോക്ടർമാർ അനാസ്ഥ കാണിച്ചെന്നും കുഞ്ഞിന്റെ വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടെന്നും പരാതി. എടവനക്കാട് സ്വദേശി നവനീത് ഷാജിയുടെ ഭാര്യ ആതിരയ്‌ക്കും കുഞ്ഞിനുമാണ് ഗൈനക്കോളജിസ്റ്റില്‍നിന്ന്‌ ഗുരുതര ചികിത്സാപ്പിഴവ് നേരിടേണ്ടിവന്നത്. പ്രസവ ചികിത്സയ്‌ക്കിടെയുണ്ടായ അപാകംമൂലമാണ്‌ നവജാതശിശുവിന്റെ വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടതെന്നും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക്‌ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും നവനീത് ഷാജി പറഞ്ഞു.


പ്രസവത്തിനായി ആഗസ്ത്‌ 31ന്‌ ജനറലാശുപത്രിയിലെത്തിച്ച ആതിരയ്‌ക്ക്‌ ഉയർന്ന രക്തസമ്മർദമുണ്ടായിരുന്നു. കുഞ്ഞിന് 3.5 കിലോയോളം ഭാരം ഉണ്ടായിരുന്നു. സെപ്തംബർ മൂന്നിന്‌ ആതിര അത്യാസന്ന നിലയിലായിട്ടും പരിശോധിക്കാതെ ഡോക്ടർ സ്ഥലംവിട്ടുവെന്ന്‌ കുടുംബം ആരോപിക്കുന്നു. കുഞ്ഞിന്റെ തല പകുതി പുറത്തുവന്ന നിലയിലാണ്‌ പിന്നീട്‌ ആതിരയെ എറണാകുളം മെഡിക്കൽ കോളേജ്‌ എത്തിച്ചത്‌. അവിടെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തുടർചികിത്സയ്‌ക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ആതിര സുഖംപ്രാപിക്കുന്നു. കുഞ്ഞ്‌ തീവ്രപരിചരണ വിഭാഗത്തിലാണ്.


കുടുംബത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ ചികിത്സ നൽകിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ പ്രഭു ദാസ് പറഞ്ഞു. സംഭവത്തില്‍ ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home