print edition എന്യൂമറേഷൻ ഫോം പൂരിപ്പിക്കേണ്ട വിധം

തിരുവനന്തപുരം
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിലെ പ്രധാന പ്രവർത്തനം എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിക്കലാണ്. പൂരിപ്പിക്കുന്നതിലെ എളുപ്പത്തിനായി ഫോമിനെ അഞ്ച് ഭാഗമായി മനസ്സിലാക്കാം.
ഒന്നാം ഭാഗം: വോട്ടറുടെ വിവരങ്ങൾ
ഈ ഭാഗത്ത് വോട്ടറുടെ വിവരങ്ങൾ മുൻകൂട്ടി അച്ചടിച്ച് നൽകിയിരിക്കും. ബിഎൽഒയുടെ പേര്, ബന്ധപ്പെടേണ്ട നമ്പർ, വോട്ടറുടെ പേര്, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് നമ്പർ (എപിക്), വിലാസം എന്നിവയുണ്ടാകും. കൂടാതെ, വോട്ടർ പട്ടികയിലെ ക്രമനമ്പർ, പോളിങ് സ്റ്റേഷന്റെയും നിയമസഭാ മണ്ഡലത്തിന്റെയും വിവരങ്ങൾ, ഇൗ വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ്, നിലവിലെ പട്ടികയിലെ ഫോട്ടോ എന്നിവയും കാണാം. ആവശ്യമെങ്കിൽ വോട്ടർക്ക് പുതിയ ഫോട്ടോ സമീപത്ത് പതിക്കാവുന്നതാണ് (നിർബന്ധമില്ല).
രണ്ടാം ഭാഗം: വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കൽ (എല്ലാവർക്കും ബാധകം)
ഈ ഭാഗത്ത് വോട്ടറെ സംബന്ധിക്കുന്ന വിവരങ്ങളാണ് പൂരിപ്പിക്കേണ്ടത്. നിലവിലെ വിവരങ്ങളാണ് ഇവിടെ നൽകേണ്ടതെന്ന് ഓർക്കണം. ഫോം ലഭിച്ച എല്ലാവരും നിർബന്ധമായും പൂരിപ്പിക്കേണ്ട ഏകഭാഗമാണിത്. വോട്ടറുടെ ജനനതീയതി, ലഭ്യമെങ്കിൽ ആധാർ നമ്പർ, മൊബൈൽ നമ്പർ, പിതാവിന്റെ/ രക്ഷിതാവിന്റെ പേര്, മാതാവിന്റെ പേര്, പങ്കാളിയുണ്ടെങ്കിൽ അവരുടെ പേര് എന്നിവയും രേഖപ്പെടുത്തണം. ലഭ്യമെങ്കിൽ ഇവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പറും രേഖപ്പെടുത്തണം.
മൂന്നാം ഭാഗം: അവസാന എസ്‌ഐആർ പട്ടികയിലെ വിവരങ്ങൾ
വോട്ടർ 2002ലെ എസ്‌ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രം ബാധകമായ കോളമാണിത്. ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഈ ഭാഗം ഒഴിച്ചിടാം. 2002ലെ എസ്‌ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവസാന എസ്‌ഐആർ പട്ടികയിലുള്ള വിവരങ്ങൾ അതേപടി പൂരിപ്പിക്കണം. ഉദാ: ‘കുന്നുംപുറത്ത് രാജൻ’ എന്നയാളുടെ പേര് അവസാന എസ്‌ഐആറിൽ ‘രാജൻ’ എന്നുമാത്രമാണ് ഉള്ളതെങ്കിൽ അങ്ങനെത്തന്നെ എഴുതുക. വോട്ടറുടെ പേരിനുശേഷം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ (ലഭ്യമെങ്കിൽ), ബന്ധുവിന്റെ പേര്, ബന്ധം, ജില്ല, സംസ്ഥാനം എന്നിവ നൽകണം. കൂടാതെ അന്നത്തെ നിയമസഭാ മണ്ഡലം, നിയമസഭാ മണ്ഡലത്തിന്റെ നമ്പർ, പോളിങ് സ്റ്റേഷൻ അഥവാ ഭാഗം നമ്പർ, പട്ടികയിലെ ക്രമനമ്പർ എന്നിവ രേഖപ്പെടുത്തണം.
നാലാം ഭാഗം: അവസാന എസ്‌ഐആർ പട്ടികയിലുള്ള ബന്ധുവിന്റെ വിവരങ്ങൾ
വോട്ടർമാർ വലിയ ആശങ്കയറിയിച്ച ഭാഗമാണിത്. വോട്ടറുടെ പേര് അവസാന എസ്‌ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ, ആ പട്ടികയിൽ ഉൾപ്പെട്ട ബന്ധുവിന്റെ വിവരങ്ങളാണ് ഇവിടെ പൂരിപ്പിക്കേണ്ടത്. (ബന്ധു മരിച്ചാലും വിവരങ്ങൾ നൽകാം) ബന്ധുവിനെ ലിങ്ക് ചെയ്യാൻ കഴിഞ്ഞാൽ ഹിയറിങ് സമയത്ത് രേഖകൾ ഹാജരാക്കണ്ട. അതാണ് ഇൗ ഭാഗത്തിന്റെ പ്രത്യേകത.
ആദ്യചോദ്യമായ ‘പേര്’ എന്നത് ഉദ്ദേശിക്കുന്നത് അവസാന എസ്‌ഐആറിൽ ഉൾപ്പെട്ട ബന്ധുവിന്റെ പേരാണ് (വോട്ടറുടെ പേരാണ് ഇവിടെ നൽകേണ്ടതെന്ന് നിരവധിപേർ തെറ്റിദ്ധരിച്ചിട്ടുണ്ട്). തിരിച്ചറിയൽ കാർഡ് നമ്പറാണ് അതിനുതാഴെ. തുടർന്ന് ‘ബന്ധുവിന്റെ പേര്’ എന്ന് ചോദിക്കുന്നത് ‘ബന്ധുവിന്റെ ബന്ധുവിന്റെ പേരാണ്’ (2002 ലെ വോട്ടർപട്ടികയിൽനിന്ന് ലഭിക്കും). ഉദാഹരണം: ‘രാജു’ എന്ന വ്യക്തി എസ്‌ഐആർ പട്ടികയിൽ ഇല്ല എന്നിരിക്കട്ടെ. ഇൗ സാഹചര്യത്തിൽ രാജുവിന്റെ ബന്ധുക്കൾ ആരെങ്കിലും വോട്ടർ പട്ടികയിലുണ്ടെങ്കിൽ പൂർണമായി അവരുടെ വിവരങ്ങളാണ് ഇവിടെ പൂരിപ്പിക്കേണ്ടത്.
ബന്ധുവിന്റെ വിവരങ്ങൾ 2002ലെ എസ്‌ഐആർ വോട്ടർപ്പട്ടികയിൽ എങ്ങനെയാണോ ഉള്ളത്, അതുപോലെ പൂരിപ്പിക്കണം. അന്നത്തെ നിയമസഭാ മണ്ഡലത്തിന്റെയും പോളിങ് സ്റ്റേഷന്റെയും നമ്പറും ക്രമനമ്പറും പട്ടികയിൽ ഉള്ളതുപോലെ തന്നെ നൽകണം. ശ്രദ്ധിക്കുക: ബന്ധു എന്നാൽ അച്ഛൻ, അമ്മ, അവരുടെ മാതാപിതാക്കൾ, ഇവരുടെ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ സഹോദരങ്ങളുടെ പേര് എന്നിങ്ങനെയാണ് നൽകേണ്ടത്.
അഞ്ചാം ഭാഗം: സാക്ഷ്യപ്പെടുത്തൽ
ഫോമിൽ നൽകിയ എല്ലാ വിവരങ്ങളും ശരിയാണെന്നും, ഈ വോട്ടറുടെ പേര് മറ്റൊരിടത്തും വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും വോട്ടറോ മുതിർന്ന കുടുംബാംഗമോ സാക്ഷ്യപ്പെടുത്തേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ബിഎൽഒ ഫോമിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ പരിശോധിച്ച് ഒപ്പ് രേഖപ്പെടുത്തിയ ശേഷം, എന്യൂമറേഷൻ ഫോമുകളിൽ ഒന്ന് വോട്ടർക്ക് നൽകുകയും മറ്റേത് ബിഎൽഒ സൂക്ഷിക്കുകയും ചെയ്യും. ഈ ഫോമുകളുടെ അടിസ്ഥാനത്തിലാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. കൃത്യമായി പൂരിപ്പിച്ച ഫോം ബിഎൽഒയ്ക്ക് തിരികെ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.










0 comments