print edition ഒ എൻ വി സാഹിത്യപുരസ്‌കാരം എം മുകുന്ദന് സമ്മാനിച്ചു

ഒ എൻ വി സാഹിത്യപുരസ്‌കാരം എം മുകുന്ദന് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിക്കുന്നു. മന്ത്രി സി പി ജോൺ, കവി പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്‌ണൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: ഒ എൻ വി കൾച്ചറൽ അക്കാദമിയുടെ സാഹിത്യപുരസ്‌കാരം എഴുത്തുകാരൻ എം മുകുന്ദന് അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്‌ണൻ സമ്മാനിച്ചു. ഒ എൻ വിയുടെ 95–ാം ജയന്തി ആഘോഷത്തിന്റെ ഉദ്‌ഘാടനം മന്ത്രി സി പി ജോൺ നിർവഹിച്ചു. വെള്ളയന്പലത്ത് ഒ എൻ വിയുടെ പേരിൽ സ്‌മാരകമന്ദിരം നിർമിക്കാനും പ്രതിമ സ്ഥാപിക്കാനും ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസാരിച്ച കവി പ്രഭാവർമ ആവശ്യം ഉന്നയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മലയാളത്തിലെ വിശ്വമഹാകവിയാണ് ഒ എൻ വിയെന്ന് മറുപടിപ്രസംഗത്തിൽ എം മുകുന്ദൻ പറഞ്ഞു. എഴുത്തുകാരുടെ അന്തസ്സുയർത്തിയ അദ്ദേഹം ദാരിദ്ര്യവും ചൂഷണവും നിലനിന്ന കാലത്ത് ജനങ്ങളുടെ സ്വപ്‌നങ്ങൾക്ക് ചിറകുനൽകി. നിശ്ശബ്ദനാകാൻ കഴിയാത്തതുകൊണ്ടാണ് എഴുതുന്നതെന്നും ഭാഷയുടെ സൃഷ്ടിയാണ് താനെന്നും മുകുന്ദൻ പറഞ്ഞു.
കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്‌ണൻ, ജി രാജ്‌മോഹൻ, ഇ എം നജീബ്, എം ബി സനിൽകുമാർ തുടങ്ങിയവരും സംസാരിച്ചു. ഒ എൻ വി രചിച്ച നാടകഗാനങ്ങളുടെ ആലാപനവും നടന്നു. പ്രമുഖ ഗായകർക്കൊപ്പം ഒ എൻ വി ഗായകവൃന്ദമായ സൂര്യഗാഥയിലെ അംഗങ്ങളും ഗാനങ്ങൾ അവതരിപ്പിച്ചു. ഒ എൻ വിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.









0 comments