print edition എൻജിനിയറിങ് പ്രവേശനം; കേന്ദ്രീകൃത സ്പോട്ട് അഡ്മിഷന് വഴങ്ങി സർക്കാർ

തിരുവനന്തപുരം : എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ സന്പ്രദായം പുനഃസ്ഥാപിച്ചു. വ്യാഴം പകൽ 12ന് ഉള്ളിൽ ഏതെങ്കിലും സർക്കാർ, സർക്കാർ എയ്ഡഡ് എൻജിനിയറിങ് കോളേജിലെത്തി കേന്ദ്രീകൃത സോഫ്റ്റ്വെയർ മുഖാന്തരം പ്രവേശനം നേടാമെന്നാണ് പുതിയ നിർദേശം. വിദ്യാർഥി പ്രതിഷേധം കനത്തതോടെ സർക്കാരിന്റെ തിരിച്ചുപോക്ക്.
കഴിഞ്ഞ വർഷംവരെ തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇത്തവണ ഓരോ കോളേജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇത് വ്യാപക പ്രതിഷേധം ഉയർത്തിയതോടെയാണ് തിരുത്തലിന് സർക്കാർ നിർബന്ധിതമായത്. തൃശൂർ എൻജിനിയറിങ് കോളേജിൽ എത്തുന്നതിന് പകരം ഏതെങ്കിലും ഒരു കോളേജിൽ എത്തിയാൽ മതിയാകും. കേന്ദ്രീകൃത സോഫ്റ്റ്വെയർ മുഖാന്തരം റാങ്ക് അനുസരിച്ച് ഒന്പത് സർക്കാർ കോളേജിലും മൂന്ന് സർക്കാർ എയ്ഡഡ് കോളേജിലും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം.
തൃശൂർ എൻജിനിയറിങ് കോളേജിൽ മുൻ വർഷങ്ങളിൽ കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്ന സോഫ്റ്റ്വെയർ വിദഗ്ധരുടെ ടീംതന്നെയാകും വ്യാഴാഴ്ചത്തെ നടപടികൾ ഏകോപിപ്പിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിൽ സർക്കാർ എൻജിനിയറിങ് കോളേജുകളിൽ പ്രവേശനം നേടിയവർ ഒഴികെയുള്ള എല്ലാ വിദ്യാർഥികളും സ്പോട്ട് അഡ്മിഷന് എൻഒസി കൊണ്ടുവരണം. അതേസമയം സ്വാശ്രയ കോളേജുകളിൽനിന്ന് എൻഒസി നൽകുന്നില്ലെന്ന് പരാതികളുണ്ട്.








0 comments