print edition തിരയൊടുങ്ങാത്ത അറിവുകടൽ

സുനീഷ് ജോ
Published on Oct 04, 2026, 01:30 AM | 4 min read
ഇരുപതോ അന്പതോ അല്ല, 519 ഇനം മത്സ്യങ്ങൾ.തിരുവനന്തപുരം കടലിൽനിന്നാണ് അവ കണ്ടെത്തിയത്. 33 വ്യത്യസ്‌ത മാന്തളുകളുമുണ്ട്. കാരകൾ 12 ഇനവും കലവകൾ 23 ഇനവും വരും. കടൽ ഞണ്ടുകളാകട്ടെ എൺപതിലധികമുണ്ട്. വലിയതുറയിലെ സമീപ തീരപ്രദേശങ്ങളിലെയും കടൽപ്പണിക്കാർ കണ്ടെത്തിയതാണ് ഇതൊക്കെ. കമ്യൂണിറ്റി മറെയ്‌ൻ ബയോഡൈവേഴ്‌സിറ്റി ഓൺലൈൻ രജിസ്‌റ്ററിൽ (CoMBOR) ഇവയെ കുറിച്ചുള്ള വിവരങ്ങളുണ്ട് . പൊഴിയൂർമുതൽ കാപ്പിൽവരെയാണ് തിരുവനന്തപുരം ജില്ലയിലെ കടൽത്തീരം. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമുദ്രജീവികളുടെയും കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥയുടെയും ജനകീയ രജിസ്‌റ്റർ എന്ന പ്രത്യേകതയും ഇതിനുണ്ട്. പരന്പരാഗത അറിവുകൾ രണ്ടാംതരമല്ലെന്നും അതിന് അതിന്റേതായ മൂല്യമുണ്ടെന്നും പറയുകയാണ് രജിസ്‌റ്ററിന് നേതൃത്വം നൽകിയ വലിയതുറയിലെ റോബർട്ട് പനിപ്പിള്ള. അതിലേക്ക് നയിച്ച കാര്യങ്ങൾ അദ്ദേഹം പറയുന്നു.

കടലിനെ അറിഞ്ഞ കുട്ടിക്കാലം
സമുദ്രജീവികളുടെ ഓൺലൈൻ രജിസ്‌റ്റർ തയ്യാറാക്കാൻ കഴിഞ്ഞത് സമൂഹത്തിന്റെ നേട്ടമാണ്. ഇതിലേക്കുവന്നത് കുട്ടിക്കാല അനുഭവങ്ങൾ കാരണമാണ്. അച്ഛന്റെ പേര് പനിപ്പിള്ള. കന്യാകുമാരി ജില്ലയിലാണ് അച്ഛന്റെ വീട്. തുത്തുക്കുടിയിൽ പനി മാതാവിന്റെ ഒരു പള്ളിയുണ്ട്. പഴയകാലത്ത് കുട്ടികൾക്ക് പനി വരുന്പോൾ ആളുകൾ മാതാവിന്റെ പള്ളിയിൽ കൊണ്ടുപോയി കിടത്തി പ്രാർഥിക്കും. പനിയൊക്കെ ഭേദമാകുന്പോൾ പള്ളിയിലെ ചടങ്ങിൽ പനിയടിമ, പനിപ്പിള്ള, പനിയമ്മ എന്നിങ്ങനെ പേരുകൾ നൽകും. അങ്ങനെ ഒരുപാടാളുകൾ തമിഴ്‌നാട്ടിലുണ്ട്. അങ്ങനെ കിട്ടിയ പേരാണ് അച്ഛനും.
അമ്മ വലിയതുറക്കാരിയാണ്. റോസ. അച്ഛനും അമ്മയ്‌ക്കും ഞങ്ങൾ 16 മക്കളുണ്ടായിരുന്നു. അതിൽ പെണ്ണുങ്ങൾ മൂന്നുപേരായിരുന്നു. എട്ടാമനാണ് ഞാൻ. എന്റെ ഓർമ ഉറയ്‌ക്കുന്ന പ്രായമാകുന്പോൾ ഞങ്ങൾ 12 പേരേയുണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ മരിച്ചുപോയി. ചൂണ്ടപ്പണിയിൽ വിദഗ്‌ധനായിരുന്നു അച്ഛൻ. മീൻ കൂടുതലായി തങ്ങി നിൽക്കുന്ന പാരുകളെ കുറിച്ചുള്ള അറിവിനൊപ്പം അവ എവിടെയൊക്കെയാണെന്ന് കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 1950 കളിൽ മീൻപിടിത്തത്തിൽ തിരുവനന്തപുരം മേഖലയിൽ വലിയമാറ്റമുണ്ടാകുന്ന കാലമാണ്.അന്ന് ഇവിടങ്ങളിൽ കമ്പവലയും മറ്റ് ഒഴുക്കൻ വലകളും ഉപയോഗിച്ചുള്ള മീൻപിടിത്തമായിരുന്നു. കന്യാകുമാരിയിൽനിന്നാണ് ചൂണ്ടപ്പണി ഇങ്ങോട്ടുവരുന്നത്. കൃത്രിമ ഇരയിട്ടാണ് മീൻപിടിത്തം. അവർക്ക് മീനും കൂടുതൽ ലഭിച്ചിരുന്നു.
ഇവിടുത്തുകാർ കുഞ്ഞുമീനുകളാണ് ഇരയായി കൊരുത്തിരുന്നത്. അക്കാലത്ത് ഇരയില്ലെങ്കിൽ ചൂണ്ടപ്പണിക്ക് പോകാൻ പറ്റില്ല. ഇന്നും കൊല്ലത്തിനപ്പുറം പോയാൽ അധികംപേർക്കും ചൂണ്ടപ്പണി അറിയില്ല. പന്ത്രണ്ട് വയസ്സാകുമ്പോൾ അച്ഛനെയും ജ്യേഷ്‌ഠന്മാരെയും കടൽപണിയിൽ സഹായിക്കാൻ തുടങ്ങി. വീട്ടിൽ ആദ്യമായി എസ്‌എസ്‌എൽസി പാസായത് ഞാൻ ആണ്. അന്ന് അതൊരു അപൂർവ അവസരമായിരുന്നു. വലിയ കുടുംബത്തിൽ സ്വഭാവികമായുണ്ടാകാവുന്ന പ്രാരാബ്ദങ്ങൾ കാരണം ജ്യേഷ്‌ഠന്മാർ നന്നേ ചെറുപ്പത്തിൽ കടൽപണിയിലും ചേച്ചിമാർ അമ്മയെ അടുക്കളയിലും സഹായിക്കാൻകൂടി. തുടർന്ന് അച്ഛനെപോലെ ജേഷ്‌ഠന്മാരും കടൽപണിയിൽ വിദഗ്ധരായി മാറി.അച്ഛനിൽ നിന്നും പഠിച്ചവരും ക്രമേണ മീൻപിടിത്തത്തിൽ മിടുക്കരായി .അന്നന്നത്തെ കടലനുഭവങ്ങളെ കുറിച്ച് അവർ സംസാരിക്കും. അതിനെ ചേല് പറച്ചിൽ എന്നാണ് പറയുക. അത് കേട്ട് വളർന്ന എനിക്ക് പാരുകളുടെ പ്രാധാന്യം മനസ്സിലായത് 1981 ൽ ആണ്.

ജനകീയ രജിസ്‌റ്ററിലേക്ക്
തിരുവനന്തപുരത്ത് 1981 ൽ നടന്ന ട്രോളിങ് ബോട്ടുകൾക്കെതിരായുള്ള സമരത്തിൽ ഞാനും പങ്കാളിയായിരുന്നു. സമരം ഒന്നരമാസം നീണ്ടുനിന്നു. അതിന് പിന്നിൽനിന്ന് പിന്തുണ നൽകിയത് പ്രോഗ്രാം ഫോർ കമ്യൂണിറ്റി ഓർഗനൈസേഷനാണ്. 1985ൽ അവരോടൊപ്പം പ്രവർത്തിക്കാൻ സംഘടന വിളിച്ചു. അവിടെ ജോലി ചെയ്യുന്നവരെല്ലാം ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നു. മത്സ്യരംഗത്തെ ഗവേഷണം അവരുടെ പ്രധാന മേഖലയായിരുന്നു. ഫിഷറീസ് റിസർച്ച് സെൽ എന്ന വിഭാഗവുമുണ്ടായിരുന്നു. ഡോ. ജോൺ കുര്യനായിരുന്നു അതിന്റെ നേതൃത്വം. തിരുവനന്തപുരം എജീസ് ഓ-ഫീസിന് സമീപമായിരുന്നു ഓഫീസ്.
ട്രെയിനിങ്ങിലും ഓൾട്ടർനേറ്റീവ് പ്രോഗ്രാമിലുമായിരുന്നു ഞാൻ ജോലി ചെയ്‌തിരുന്നതെങ്കിലും ഫിഷറീസ് റിസർച്ച് സെൽ സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകളിൽ പങ്കെടുക്കും. വിദഗ്‌ധർ അവിടെ വരികയും വിവിധ പ്രോഗ്രാമുകളിൽ സംസാരിക്കുകയും ചെയ്യുമായിരുന്നു. 1995 വരെയാണ് സംഘടനയിൽ പ്രവർത്തിച്ചത്. സംഘടനയ്‌ക്ക് ഒപ്പമുണ്ടായിരുന്ന പത്തുവർഷവും കടലിന്റെ അടിത്തട്ടിലെ സന്പന്നമായ ജൈവ വൈവിധ്യത്തെ (ബന്തിക് റീജ്യൺ) കുറിച്ചോ അതിന്റെ പ്രത്യേകതളെക്കുറിച്ചോ യാതൊന്നും അവർ പറഞ്ഞുകേട്ടില്ല. ചാള ഇൗ വർഷം കൂടി, അയല കുറഞ്ഞു തുടങ്ങി സ്‌പീഷീസ് അടിസ്ഥാനത്തിലുള്ള കണക്കുകളാണ് അവതരിപ്പിച്ചത്. കടലുമായി ബന്ധപ്പെട്ട് സാന്പത്തികമായിട്ടുള്ള കണ്ടെത്തലും മറ്റുമാണ് അതിനൊപ്പമുണ്ടായത്. പരമ്പരാഗത കടൽപണിക്കാർക്ക് കടലിന്റെ ബന്തിക് മേഖലയിലെ ജൈവ ഉൽപ്പാദനമേഖലകളായ പാരുകളെ കുറിച്ചുള്ള അറിവുകൾ, ഈ മേഖലയിലെ ശാസ്ത്രജ്ഞരുടെ അറിവുപോലെ പ്രാധാന്യം ഉള്ളതാണെന്ന ബോധ്യം അങ്ങനെയുണ്ടായതാണ്. തുടർന്ന് അത്തരം അറിവുകൾ ശേഖരിച്ചു സൂക്ഷിക്കാൻ കൂടുതൽ സമയം ചിലവഴിച്ചു.
അതിൽ കടലിന്റെ അടിത്തട്ടിലെ പാരുകൾ മാത്രമല്ല, അവിടെ മുങ്ങിക്കിടക്കുന്ന കപ്പലുകൾ, ബോട്ടുകൾ, മറ്റ് ഘടനകൾ, കടലിന്റെ ഒഴുക്ക്, കാറ്റ്, നക്ഷത്രങ്ങൾ, തിരകൾ, കവര് എന്ന സൂക്ഷ്മ ജീവിയെ പറ്റിപ്പോലും കടൽപണിക്കാർക്കുള്ള അറിവും കടൽപാട്ടുകളും വരെ ശേഖരിച്ചവയിൽപെട്ടിരുന്നു. ഇങ്ങനെയുള്ള വിവരങ്ങൾ പൊതുവേദിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ പ്രത്യേകിച്ചും കടലടിത്തട്ടിന്റെ പ്രത്യേകതകളെപറ്റി പറയുമ്പോൾ ധാരാളം വിമർശനങ്ങളുണ്ടായി.കടൽപണിക്കാർ പറയുന്ന പാരുകളും കപ്പലുകളുംവരെ ആരും കണ്ടിട്ടില്ല.അതിനാൽ തെളിവില്ല എന്നായിരുന്നു വാദം. എന്റെ അച്ഛനും സഹോദരന്മാരും മറ്റ് കടൽപണിക്കാരും കടലിൽ പോകുമ്പോൾ ഏത് പാരിൽ മീൻപിടിക്കാൻ പോകുന്നുവെന്ന് തലേദിവസം പറഞ്ഞുകൊണ്ടാണ് പോയിരുന്നത്. അവർ തിരികെ വരുന്നത് അതാത് പാരിലെ പ്രത്യേക ഇനം മീനുകളുമായാണ്. ദീർഘകാലത്തെ കടലനുഭവങ്ങളിലൂടെ ഓരോ പ്രദേശത്തെയും പാരുകൾ ഏത് ദിശയിലാണെന്നും എത്ര അകലെയാണെന്നും അവിടുത്തെ മീനുകളുടെ പ്രത്യേകതയും അവ ഇരയെടുക്കുന്ന സമയവും വരെ കടൽപണിക്കാർക്കറിയാം. ഇതെല്ലാം ഞാൻ കുഞ്ഞുനാളിൽ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതാണ്.
തുടർന്ന് 1990 കളിൽ ഇത് തെളിയിക്കാൻ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. അതിനായി കടൽപണിക്കാരുമായി അനേകം കടൽ യാത്രകൾ നടത്തി. ഓരോ പാരിലും എത്തി. അതിലെ കണിച്ചവും ജിപിഎസ് വിവരങ്ങളും ശേഖരിച്ചു. കടൽപണിക്കാർ എങ്ങനെയാണ് അവർ ഒരിക്കലും കാണാത്ത പാരുകളുടെ സ്ഥാനം കണ്ടുപിടിക്കുന്നതെന്നും അവിടെ വീണ്ടും വീണ്ടും എത്തുന്നതെന്നും മനസ്സിലാക്കി.അത്തരം വിവരങ്ങൾ വച്ച് മാപ്പ് തയ്യാറാക്കി. എങ്കിലും ശാസ്ത്ര സമൂഹങ്ങൾക്കിടയിൽ പരമ്പരാഗത അറിവുകൾ രണ്ടാംകിട അറിവായിതന്നെ നിലനിന്നു. പിന്നീടുള്ള എന്റെ ജീവിതം ഈ കടൽപണി അറിവുകളെ സമുദ്രബന്ധിത ശാസ്ത്രം ( ഓഷ്യൻ റിലേഷണൽ സയൻസ് ) എന്ന നിലയിൽ പരിപോഷിപ്പിക്കുന്നതിന് ഉൗന്നൽ നൽകിയായിരുന്നു. ഇതിനിടെയാണ് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ക്ഷണിച്ചതും രജിസ്‌റ്റർ തയ്യാറാക്കുന്നതിനായി ഇറങ്ങിയതും. പരമ്പരാഗത കടൽപണിക്കാർ ഉയിരോടെ കണ്ടെത്തി നൽകിയവയിൽ രണ്ടായിരത്തോളം ജീവികൾ ഉണ്ടായിരുന്നു. ബോർഡ് പ്രസിദ്ധീകരിച്ച രജിസ്റ്ററിൽ അഞ്ഞൂറെണ്ണമേ ഉൾപ്പെടുത്തിയുള്ളൂ. മറ്റുള്ളവയുടെ ശാസ്ത്രനാമം കണ്ടെത്താൻ വിദഗ്ധർക്ക് കഴിഞ്ഞില്ലെന്നായിരുന്നു മറുപടി. 69 കടൽപണിക്കാരുടെ പേരുകൾ ഞങ്ങൾ നൽകിയതും അവർ ഒഴിവാക്കി. പകരം ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും പേരുകളാണ് ചേർത്തത്.
ജീവികളുടെ തീരഭാഷയിലെ പേരുകളുമുണ്ടായിരുന്നില്ല. ഈ അനുഭവമാണ് അമ്പത്തിഅഞ്ചാം വയസ്സിൽ സ്‌കൂബ ഡൈവിങ് പഠിച്ച് കടലിനടിയിലെ ജൈവ രഹസ്യങ്ങൾ കണ്ടെത്താനും Community Marine Biodiversity Online Register (CoMBOR) എന്നപേരിൽ പ്രസിദ്ധീകരിക്കാനുമുള്ള പ്രേരണ. ഇന്ന് CoMBOR ൽ 2200 ലധികം ജീവജാലങ്ങളുടെ ആറായിരത്തോളം ചിത്രങ്ങളുമുണ്ട്. മിക്കതും കടലിനടിയിൽ നിന്നും പകർത്തിയവ. തീര ഭാഷയിലെ പേരുകൾക്കാണ് മുൻഗണന. ശാസ്ത്രനാമം പരമാവധി നൽകാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ അറിയുന്നവർക്ക് അവരുടെ പേരിൽ തന്നെ ആ വിവരം രേഖപ്പെടുത്താം. പുതിയ ജീവികളെ പറ്റി വിവരം ലഭിക്കുന്നവർക്കും വെബ്സൈറ്റിൽ അവരുടെ പേരിൽ അത് ചേർക്കാം.രജിസ്റ്ററിനായി വിവരങ്ങൾ നൽകിയ 79 കടൽപണിക്കാരുടെയും കൂടെനിന്ന സംഘടനകളെയും സന്നദ്ധ പ്രവർത്തകരെയും രജിസ്റ്ററിൽ വിശദമാക്കിയിട്ടുണ്ട്.വിലാസം: combor.org.

പട്ടിണി പാരും ബിരിയാണി പാരും
കൃത്രിമ പാര് ആരുടെ ‘കണ്ടെത്തൽ’ ആണ് ?. കേന്ദ്രസർക്കാരിന്റെയും സിഎംഎഫ്‌ആർഐയുടെയും അവകാശങ്ങൾ പൊളിക്കുന്നതാണ് റോബർട്ട് പനിപ്പിള്ളയുടെ ചരിത്രശേഖരം. വലിയ തുറയിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി കൃത്രിമ പാര് ഉണ്ടാക്കി കടലിൽ നിക്ഷേപിച്ചതെന്ന് അദ്ദേഹം പറയുന്നു. ട്രോളിങ് ബോട്ടുകൾ വ്യാപകമായതോടെ സ്വാഭാവിക പാരുകളിൽപോലും മീനുകളുടെ ലഭ്യത കുറഞ്ഞുവന്നു. ഇൗ പ്രതിസന്ധി മറികടക്കാനാണ് തൊഴിലാളികൾ പ്രാദേശികമായി ശേഖരിച്ച വസ്‌തുക്കൾ ഉപയോഗിച്ച് പാര് ഉണ്ടാക്കിയത്.
കടലിൽ നിക്ഷേപിച്ച് ഒരാഴ്‌ചകൾക്കുശേഷം അവിടെനിന്ന് അവർക്ക് മീനുകൾ ലഭിച്ചു തുടങ്ങി. ഇതിന്റെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഗവൺമെന്റേതര സംഘടനകൾ (എൻജിഒ) മുന്നോട്ടുവരികയും കൂടുതൽ കൃത്രിമ പാരുകൾ ഉണ്ടാക്കി കടലിൽ നിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. ടയർ, ഓട്ടോയുടെ ബോഡി, കയ്യുറകൾ, കോൺക്രീറ്റ് നിർമിതി തുടങ്ങിവയൊക്കെ ഉപയോഗിച്ചായിരുന്നു രണ്ടാമത് പാര് ഉണ്ടാക്കിയത് . ഒരുസൈറ്റി ഇതിനായി പണം മുടക്കി. മിച്ചം വന്ന പണം കൊണ്ട് തൊഴിലാളികൾ ബിരിയാണി വാങ്ങി കഴിച്ചു. അങ്ങനെ ആ പാര് ബിരിയാണി പാരായി. അപ്പോഴാണ് ആദ്യത്തേതിന് പട്ടിണി പാര് എന്ന് പേര് നൽകിയത്. അന്നത് ഉണ്ടാക്കിയപ്പോൾ ആർക്കും ഒന്നും കഴിക്കാനുണ്ടായിരുന്നില്ല. അതുകൊണ്ടായിരുന്നു ആ പേര്.






0 comments