print edition എയ്ഡഡ് കോളേജുകൾക്കെതിരായ വിസിയുടെ നിലപാട് അവസാനിപ്പിക്കണം: എകെപിസിടിഎ

തിരുവനന്തപുരം: കേരള സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ എയ്ഡഡ് കോളേജുകളോട് സ്വീകരിക്കുന്ന അന്യായ നിലപാടുകൾ അവസാനിപ്പിക്കണമെന്ന് എകെപിസിടിഎ സംസ്ഥാന കമ്മിറ്റി. എയ്ഡഡ് കോളേജ് അധ്യാപകരുടെ പ്രമോഷൻ നടപടികൾക്കായുള്ള വിഷയവിദഗ്ധരായി സംഘപരിവാർ ബന്ധമുള്ള ഉത്തരേന്ത്യൻ അധ്യാപകരെയാണ് നിയമിക്കുന്നത്. ഇവർക്കുള്ള ചെലവ് അധ്യാപകർ വഹിക്കേണ്ടതിനാൽ വൻ സാമ്പത്തികബാധ്യതയാണ് വരുന്നത്.
വിഷയം പല തവണ സിൻഡിക്കറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ ഉന്നയിച്ചപ്പോൾ വിസി നിഷേധാത്മകവും അധ്യാപകസമൂഹത്തെ അപമാനിക്കുന്നതുമായ നിലപാടാണ് സ്വീകരിച്ചത്. തരംതാണ രാഷ്ട്രീയം കളിക്കുന്ന, സ്വന്തക്കാരായ വിഷയ വിദഗ്ധരെ പ്രീതിപ്പെടുത്തുന്ന വിസി കേരളത്തിലെ എയ്ഡഡ് കോളേജ് സമൂഹത്തെയാകെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജി സഞ്ജീവ്, ജനറൽ സെക്രട്ടറി എ നിശാന്ത് എന്നിവർ പറഞ്ഞു.









0 comments