ഇ എം എസിന്റെ ലോകം: സെമിനാർ തുടങ്ങി

ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jun 14, 2026, 12:15 AM | 1 min read
അരീക്കോട്: നവകേരളത്തിന് അടിത്തറ പാകിയ കമ്യൂണിസ്‌റ്റ് ധിഷണാശാലിയുടെ ഓർമകളിൽ വർത്തമാനകാല രാഷ്‌ട്രീയത്തെയും സംസ്‌കാരത്തെയും വിലയിരുത്തി ‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാർ. അരീക്കോട് സൺസിറ്റി ഓഡിറ്റോറിയത്തിൽ രണ്ടുദിവസത്തെ സെമിനാർ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ അധ്യക്ഷനായി.
ഡോ. സുനിൽ പി ഇളയിടം അനുസ്‌മരണ പ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ രാജൻ, മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്‌കുട്ടി എന്നിവർ സംസാരിച്ചു. നിലന്പൂർ ആയിഷ, ഡോ. കെ ടി ജലീൽ, ടി കെ ഹംസ തുടങ്ങിയവർ പങ്കെടുത്തു. യു ഷറഫലി സ്വാഗതവും കെ ഭാസ്‌കരൻ നന്ദിയും പറഞ്ഞു.
മൂന്ന് സെഷനുകളിലായി 16 വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. ‘വിപണി, യുദ്ധം മനുഷ്യൻ’ സെഷൻ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ആർ അരുൺ കുമാറും ‘മൂലധനം, സംസ്‌കാരം, രാഷ്‌ട്രീയം’ സെഷൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജും ‘അൽഗോറികളുടെ ആധിപത്യം നവലോകത്തെ മാധ്യമങ്ങൾ’ സെഷൻ ജോൺ ബ്രിട്ടാസ് എംപിയും ഉദ്‌ഘാടനംചെയ്‌തു. വൈകിട്ട് പ്രതിരോധത്തിന്റെ സായാഹ്‌നത്തിൽ ഹോർമുസ് ഏകപാത്ര നാടകവും ചോപ്പ് സിനിമയും അരങ്ങേറി.
ഞായർ രാവിലെ 10.30ന് ‘നവോത്ഥാനം, ജനാധിപത്യം, വികസനം’ ഓപ്പൺ ഫോറം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസകും പകൽ രണ്ടിന് ‘സമൂഹം, സ്വത്വരാഷ്‌ട്രീയം, മതനിരപേക്ഷത’ സെഷൻ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ഉദ്‌ഘാടനംചെയ്യും. സമാപന സമ്മേളനം വൈകിട്ട് നാലിന് ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനംചെയ്യും.










0 comments