ഐഎംഡിബി പട്ടിക ; കൂടുതല്‍പേര്‍ കണ്ട ഇന്ത്യന്‍ സിനിമാ പട്ടികയില്‍ ‘എമ്പുരാൻ’

കൊച്ചി
2025ൽ റിലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽ ഏറ്റവും ജനപ്രിയമായവയുടെയും ജൂലൈമുതൽ ഡിസംബർവരെ സിനിമ ആരാധകർ കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ ചിത്രങ്ങളുടെയും പട്ടിക പുറത്തുവിട്ട് ഐഎംഡിബി. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എൽ 2: എമ്പുരാൻ’ ഈ വർഷം കൂടുതൽപേർ കണ്ട സിനിമാപട്ടികയിൽ ഏഴാംസ്ഥാനം നേടി.
ആറ് ഹിന്ദി ചിത്രങ്ങളും മൂന്നു തമിഴ് ചിത്രങ്ങളും ഒരു മലയാളചിത്രവുമാണ് പട്ടികയിലുള്ളത്. മോഹൻലാൽ, അജയ് ദേവ്ഗൺ, പൂജ ഹെഗ്‌ഡെ എന്നിവരാണ് രണ്ടു പട്ടികയിലും ഇടംനേടിയ സിനിമകളുടെ ഭാഗമായ താരങ്ങൾ.
ഐഎംഡിബി ഉപയോക്താക്കൾ ലോകമെമ്പാടും കണ്ട പേജുകളുടെ കണക്കനുസരിച്ച് 2025ൽ ഇതുവരെ ഏറ്റവും കൂടുതൽപേർ കണ്ട ഇന്ത്യൻ സിനിമ ഛാവ ആണ്. ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ മുന്നിലെത്തി. ലോകമെമ്പാടുമുള്ള 25 കോടിയിലധികം വരുന്ന ഐഎംഡിബി ഉപയോക്താക്കളുടെ യഥാർഥ പേജ് വിസിറ്റിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്ന് ഐഎംഡിബി അറിയിച്ചു.
ഡ്രാഗൺ, ദേവ, റെയ്ഡ് 2, റെട്രോ, ദ ഡിപ്ലോമാറ്റ്, സിതാരെ സമീൻ പർ, കേസരി ചാപ്റ്റർ 2: ദി അൺടോൾഡ് സ്റ്റോറി ഓഫ് ജാലിയൻവാലാബാഗ്, വിടാമുയർച്ചി എന്നിവയാണ് 2025ൽ തരംഗം സൃഷ്ടിച്ച പട്ടികയിലുള്ള മറ്റ് സിനിമകൾ. 2025 ജനുവരി ഒന്നുമുതൽ ജൂലൈ ഒന്നുവരെ ഇന്ത്യയിൽ പുറത്തിറങ്ങിയ സിനിമകളിൽ, ആറോ അതിൽ കൂടുതലോ ശരാശരി ഐഎംഡിബി ഉപയോക്തൃ റേറ്റിങ് നേടിയ ചിത്രങ്ങളെയാണ് പട്ടികയിലേക്ക് പരിഗണിച്ചത്. കൂലി, വാർ 2, ദ രാജാ സാബ്, ആംഖോം കി ഗുസ്താഖിയാം, സൈയാറ, ബാഗി 4, സൺ ഓഫ് സർദാർ 2, ഹൃദയപൂർവം, മഹാവതാർ നരസിംഹ, ആൽഫ എന്നിവയാണ് ജൂലൈ-ഡിസംബർ കാലയളവിൽ പ്രേക്ഷകർ കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് സിനിമകൾ.










0 comments