ad
Deshabhimani

വൈദ്യുതോൽപ്പാദനം ഉയർത്തി; ഇടുക്കിയിൽ ശേഷിയുടെ 33.49 ശതമാനം മാത്രം

idukki mullapperiyar dam

ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം

avatar
പ്രത്യേക ലേഖകൻ

Published on Apr 25, 2026, 06:54 AM | 2 min read

ഇടുക്കി : കത്തുന്ന വേനലിൽ ജലസംഭരണികളും വറ്റിവരളുന്നു. സസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഇടുക്കിയിലും ജലനിരപ്പ്‌ കുറയുന്നു. വെള്ളിയാഴ്‌ച സംഭരണിയിൽ ജലനിരപ്പ് 2334.60 അടിയിലെത്തി. ഇത്‌ സംഭരണ ശേഷിയുടെ 33. 49 ശതമാനമാണ്. കഴിഞ്ഞവർഷമിത്‌ 41.20 ശതമാനമായിരുന്നു. ജലനിരപ്പ്‌ 2344.46 അടിയും. 2025ലെ ഇതേദിവസത്തെ അപേക്ഷിച്ച്‌ പത്ത്‌ അടിയുടെ കുറവാണ്‌ ഇത്തവണയുള്ളത്‌. ഇടുക്കിയിലെ പരമാവധിശേഷി 2403 അടിയാണ്‌. ഇത്തവണ വേനൽമഴ ലഭിച്ചിരുന്നില്ല. പ്രതീക്ഷിച്ച തുലാവർഷവും ലഭിച്ചില്ല. സംഭരണിയിലേക്ക്‌ ഒഴുകിയിരുന്ന ആറുകളും തോടുകളും അരുവികളും നീർച്ചാലുകളുമെല്ലാം വറ്റി. ചെറുകിട സംഭരണികളിലെ സ്ഥിതിയും മറിച്ചല്ല.


വലുതും ചെറുതുമായ 15ൽ പരം ജലസംഭരണികളാണ്‌ ജില്ലയിലുള്ളത്‌. മുല്ലപ്പെരിയാറിൽ ജലനിരപ്പിലെ കുറവ്‌ കാരണം ബോട്ട്‌ സർവീസിസിലും നിയന്ത്രണം ഏർപ്പെടുത്തി. വേനൽച്ചൂട്‌ വർധിച്ചതോടെ വൈദ്യുതി ഉൽപ്പാദനവും റെക്കോർഡിലാണ്‌. മൂലമറ്റത്ത്‌ കഴിഞ്ഞദിവസം 12.054 ദശലക്ഷം വൈദ്യുതിയാണ്‌ ഉൽപ്പാദിപ്പിച്ചത്. വൈദ്യുതി ഉപഭോഗവും അനുദിനം കൂടിവരികയാണ്‌. ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമുള്ള വൈകുന്നേരം മുതൽ രാത്രിവരെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത്‌ പരമാവധി ഉൽപ്പാദനം നടത്തുന്നു. 130 മെഗാവാട്ട്‌ വീതം ശേഷിയുള്ള ആറ്‌ ജനറേറ്ററുകളാണ്‌ ഇവിടെയുള്ളത്‌. പദ്ധതി പ്രദേശത്ത്‌ ഉൾപ്പെടെ വേനൽമഴ ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

മുല്ലപ്പെരിയാർ, വൈഗ ജലനിരപ്പുകൾ താഴേക്ക്


മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും നേരിയ തോതിൽ കുറഞ്ഞ് വെള്ളി രാവിലെ ആറിന് 110.20 അടി എത്തി. മുൻവർഷം ഇതേദിവസം അണക്കെട്ടിൽ 113.90 അടി വെള്ളമാണ് ഉണ്ടായിരുന്നത്. മുൻവർഷത്തേക്കാൾ 3.70 അടി വെള്ളം കുറവുണ്ട്. 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 108 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 200 ഘനയടി വീതം കൊണ്ടുപോയി.


മുല്ലപ്പെരിയാർ വെള്ളം ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ മുൻവർഷത്തേക്കാൾ 22 അടിയിലേറെ വെള്ളം നിലവിൽ കുറവുണ്ട്. 71 അടി സംഭരണശേഷിയുള്ള വൈഗയിൽ കഴിഞ്ഞവർഷം ഇതേ ദിവസം 56.14 അടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാൽ ഏതാനും ദിവസങ്ങളായി 34 അടിയിൽ താഴെയാണ് ജലനിരപ്പ്. മുല്ലപ്പെരിയാർ, വൈഗ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് ഇരു സംസ്ഥാനത്തെയും ജനങ്ങളെ ഏറെ ദോഷകരമായി ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home