print edition ഞായറാഴ്ച ഉപയോഗം 106 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: ചൂട് കഠിനമായതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡിലേക്ക് ഉയരുമ്പോഴും പവർകട്ടോ ലോഡ് ഷെഡിങ്ങോ ഇല്ലാതെ വൈദ്യുതി ഉറപ്പാക്കി കെഎസ്ഇബി. ഞായറാഴ്‌ച ആകെ ഉപയോഗം 106.035 ദശലക്ഷം യൂണിറ്റിലെത്തി. എസി, കൂളർ എന്നിവയുടെ പ്രവർത്തനം വർധിച്ചത് രാത്രികാല (പീക്ക് ടൈം) ഡിമാൻഡിലും പ്രതിഫലിച്ചു.
രാത്രി 10.45-ന് രേഖപ്പെടുത്തിയ 5664 മെഗാവാട്ടാണ് ഉയർന്ന ആവശ്യകത. ആഭ്യന്തര ഉൽപ്പാദനത്തിലൂടെ ലഭ്യമായ 21.66 ദശലക്ഷം യൂണിറ്റും കേന്ദ്രവിഹിതമായി ലഭിച്ച 47.22 ദശലക്ഷം യൂണിറ്റും വിവിധ കരാറുകളിലൂടെ ലഭ്യമായ വൈദ്യുതിയുമാണ് പ്രയോജനപ്പെടുത്തിയത്.കെഎസ്‌ഇബിയുടെ നിയന്ത്രണത്തിലുള്ള ജലവൈദ്യുത നിലയങ്ങളിൽ മൊത്തം ശേഷിയുടെ 36 ശതമാനം ജലമുണ്ട്. ജൂൺ ഒന്നുവരെ 1408 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദിവസം 20 ദശലക്ഷം യൂണിറ്റ് വരെ ഉൽപ്പാദനമുണ്ട്. റെക്കോഡ് ഭേദിച്ച് ഉപഭോഗം കുതിക്കുന്നതിനാൽ കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ പുതിയ കരാറുകൾക്കുള്ള നടപടികളും പുരോഗമിക്കുകയാണ്.











0 comments