ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു: സമീപത്തുള്ള മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു

കുണ്ടറ : തകരാറിലായതിനെത്തുടർന്ന് പോർച്ചിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു. അപകടത്തെത്തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് മൂന്നു വാഹനങ്ങൾക്കൂടി കത്തിനശിച്ചു. കരിക്കോട് സാരഥി ജങ്ഷനു സമീപം വ്യാഴം പുലർച്ചെ രണ്ടിനാണ് അപകടം. ഹീറോ അർബൻ ഒപ്ടിമ എന്ന ഇ- സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത്. തട്ടാർകോണം ലക്ഷ്മി ഭവനിൽ പ്രിയ ഇന്ദിരയുടേതാണ് വാഹനം.

കഴിഞ്ഞ ചൊവ്വാഴ്ച മെക്കോൺ എസ്‌സിഡിയുപി സ്‌കൂളിന് സമീപമാണ് സ്‌കൂട്ടർ തകരാറിലായത്. പോളയത്തോടുള്ള സെയിൽസ് ആൻഡ് സർവീസ് ഓഫീസിൽ വിളിച്ചപ്പോൾ സമീപത്ത് ഏതെങ്കിലും വീട്ടിൽ കയറ്റി വയ്ക്കാനും അടുത്ത ദിവസം എത്തി ശരിയാക്കാമെന്നും പറഞ്ഞു. തുടർന്ന് സ്‌കൂളിനു മുന്നിൽ അനിത സുനിൽ എന്നയാളുടെ വീട്ടിലെ കാർ പോർച്ചിലാണ് സ്‌കൂട്ടർ സൂക്ഷിച്ചത്. വ്യാഴം പുലർച്ചെ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു. പോർച്ചിൽ ഉണ്ടായിരുന്ന ഇയോൺ കാർ, പൾസർ ബൈക്ക്, ഡ്യൂക്ക് സ്‌കൂട്ടർ, സൈക്കിൾ, വീടിന്റെ ജനൽ എന്നിവയിലേക്കും തീ പടർന്നു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന് വിവരമറിയിച്ചതിനെത്തിയടർന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചു. കിളികൊല്ലൂർ പൊലീസ് കേസെടുത്തു.








0 comments