ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ടി എം ശശി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തിരുവനന്തപുരം : സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് ആരംഭിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി എൽഡിഫിന്റെ ടി എം ശശി തെരഞ്ഞെടുക്കപ്പെട്ടു. പല്ലശന ഡിവിഷനിൽ നിന്നാണ് ശശി വിജയിച്ചത്. താനൂർ നിറമരുതൂർ പഞ്ചായത്തിലെ പ്രസിഡൻ്റായി എൽഡിഎഫിന്റെ കെ പ്രേമ തെരഞ്ഞെടുക്കപ്പെട്ടു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റായി ശ്രീജിത്തും വരവൂർ പഞ്ചായത്തിൽ യു ബി കണ്ണനും വള്ളത്തോൾ നഗർ പഞ്ചായത്തിൽ സ്മിത ഹരിയും കോങ്ങാട് പഞ്ചായത്തിൽ അഡ്വ.സൂര്യയും തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 2.30 ന് നടക്കും. ഒന്നിലധികം സ്ഥാനാർഥികളുള്ളിടങ്ങളിൽ ഓപ്പൺ ബാലറ്റിലൂടെയാകും വോട്ടെടുപ്പ്. രണ്ട് സ്ഥാനാർഥികൾക്ക് തുല്യ വോട്ടാണെങ്കിൽ നറുക്കെടുക്കും. രണ്ടിലധികം പേർ മത്സരിക്കുമ്പോൾ, മറ്റെല്ലാ സ്ഥാനാർഥികൾക്കുമായി കിട്ടിയ ആകെ വോട്ടിനെക്കാൾ കൂടുതൽ വോട്ട് ലഭിച്ചയാൾ വിജയിയാകും. ഇത്തരത്തിൽ ലഭിക്കാതിരുന്നാൽ കുറവ് വോട്ട് ലഭിച്ചയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലാപഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്. എറണാകുളത്ത് പട്ടികജാതി സംവരണവും. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 67 ഇടത്തും 941 ഗ്രാമപഞ്ചായത്തുകളിൽ 417 ഇടത്തും പ്രസിഡന്റ് സ്ഥാനം വനിതകൾക്കാണ്.










0 comments