വ്യാജ പ്രീപോൾ സർവേ: ശ്രീലേഖക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയക്കും

ആർ ശ്രീലേഖ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിനത്തിൽ വ്യാജ പ്രീപോൾ സർവേഫലം പ്രചരിപ്പിച്ചതിൽ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകും. സംഭവത്തിൽ കലക്‌ടറോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലേഖ നടത്തിയ ഗുരുതര ചട്ടലംഘനത്തിനെതിരെ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി കമീഷന് പരാതി നൽകിയിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം പ്രവചിക്കുന്ന സർവേ ഫലം ചൊവ്വ രാവിലെയാണ് ശ്രീലേഖ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തത്. പരാജയഭീതിയെതുടർന്ന് വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണിത്. ഇതുവാർത്തയായതോടെ പോസ്‌റ്റ് പിൻവലിച്ചു. സർവീസിൽനിന്ന് വിരമിച്ചിട്ടും സ്ഥാനാർഥി പോസ്റ്ററിൽ ഐപിഎസ് എന്ന് ചേർത്തതിന് ഇവർ വെട്ടിലായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് ശ്രീലേഖ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുൻപ് പ്രീ പോൾ സർവെ പങ്കുവയ്ക്കാൻ പാടില്ല എന്നാണ് ചട്ടം.










0 comments