നിയമസാധുതയില്ലാത്ത തീരുമാനങ്ങൾ


പി ഡി ടി ആചാരി
Published on Sep 28, 2026, 02:16 AM | 3 min read
ഭരണഘടനയുടെ 324–ാം വകുപ്പനുസരിച്ച് സ്ഥാപിതമായതാണ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമീഷൻ. കഴിഞ്ഞ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വളരെ ഗൗരവതരമായ ആരോപണങ്ങളാണ് ഉയർന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും രണ്ടംഗങ്ങളും ഉൾപ്പെടെ മൂന്നുപേരാണ് കമീഷനിലുള്ളത്. കമീഷൻ തീരുമാനങ്ങൾ എടുക്കേണ്ടത് കൂട്ടായും അഭിപ്രായസമന്വയത്തിന്റെ അടിസ്ഥാനത്തിലുമാകണം. അതിന് സാധിക്കുന്നില്ലെങ്കിൽ ഭൂരിപക്ഷം അനുസരിച്ച് തീരുമാനം എടുക്കണമെന്നാണ് വ്യവസ്ഥ.
തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനങ്ങൾ എടുക്കുന്നത് അംഗങ്ങൾ അറിയുന്നില്ലെന്ന ആരോപണമാണ് പത്രങ്ങളിലൂടെ പുറത്തുവരുന്നത്. സത്യമെന്തെന്ന് അറിയില്ല. പക്ഷേ, കമീഷൻ അംഗങ്ങൾ ഇൗ വാർത്തകളെക്കുറിച്ച് അഭിപ്രായം പറയുകയോ നിഷേധിക്കുകയോ ശരിയാണെന്ന് പറയുകയോ ചെയ്‌തിട്ടില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെക്കുറിച്ചുള്ള ആരോപണം രാജ്യത്തെ ജനങ്ങൾ ചർച്ചചെയ്യുന്ന ഘട്ടത്തിൽ അവ തെറ്റെങ്കിൽ കമീഷൻ അംഗങ്ങൾ നിഷേധിക്കേണ്ടതാണ്. അത്തരം കാര്യം നടന്നിട്ടില്ല. അതിനർഥം പത്രവാർത്തകൾ ശരിവയ്‌ക്കുന്നെന്നാണ്. ഭരണഘടനാ സ്ഥാപനത്തിന്റെ തലവനായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ തീരുമാനങ്ങൾ എടുക്കുന്നത് നിയമമനുസരിച്ചല്ലെങ്കിൽ കമീഷന്റെ പല തീരുമാനങ്ങളും നിയമസാധുത ഇല്ലാത്തതാകും.
ഒരു വർഷമായി നടക്കുന്ന എസ്ഐആറിന് നിയമസാധുത ഇല്ലാതെ വന്നാൽ ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളും നിയമസാധുത ഇല്ലാത്തതാകും. ഗുരുതര സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
ഇക്കാര്യം സുപ്രീംകോടതിയും കേന്ദ്ര സർക്കാരും ഗൗരവമായി പരിഗണിക്കണം. എന്തുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഇത്തരത്തിൽ നടപടികൾ സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്താണ് ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കാരണം.
എസ്ഐആറി (പ്രത്യേക തീവ്ര പുനഃപരിശോധന)ന്റെ കാര്യമെടുക്കുക. ഏറ്റവുമധികം പരാതികളും പ്രശ്നങ്ങളും ഉണ്ടായ ഇൗ കാര്യം യഥാർഥത്തിൽ നിയമത്തിൽ ഇല്ലാത്തതാണ്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലാണ് വോട്ടർപ്പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ച് വ്യവസ്ഥകളുള്ളത്. അതനുസരിച്ച് തയ്യാറാക്കിയ രജിസ്ട്രേഷൻ ഓഫ് ഇലക്‌ടേർസ് റൂൾസിൽ കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. വോട്ടർപ്പട്ടിക പുതുക്കുന്ന രീതി, ഏതൊക്കെ സമയത്ത് പുതുക്കണം എന്നതിനെക്കുറിച്ചൊക്കെ നിയമത്തിൽ പറഞ്ഞിട്ടുണ്ട്. പട്ടിക പുതുക്കൽ മൂന്ന് തരത്തിലുണ്ട്.
1) സമ്മറി റിവിഷൻ– ഏതെങ്കിലും ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുംമുമ്പ് പട്ടിക പുതുക്കണമെന്ന് കർശന വ്യവസ്ഥയുണ്ട്. ഇത് ഹ്രസ്വമായ പ്രക്രിയയാണ്. അതിന്റെ മാർഗനിർദേശങ്ങൾ കമീഷൻ തയ്യാറാക്കിയിട്ടുണ്ട്. 2) ഇന്റൻസീവ് റിവിഷൻ– യഥാർഥ വോട്ടർപ്പട്ടിക തയ്യാറാക്കുംപോലെ വിസ്‌തരിച്ചുള്ള പ്രക്രിയയാണിത്. എന്യൂമറേറ്റർമാർ വീട്ടിൽചെന്ന് വോട്ടർമാരുടെ രേഖകൾ ശേഖരിച്ച് പട്ടിക തയ്യാറാക്കുന്നു. 3) സ്‌പെഷൽ റിവിഷൻ– ഏതെങ്കിലും മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം ക്രമാതീതമായി കൂടുകയോ കുറയുകയോ ജനസംഖ്യയിൽ വ്യത്യാസം വരികയോ ചെയ്‌താൽ പട്ടിക പുതുക്കണം. അതിർത്തി പ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.
ഭരണഘടനയുടെ 326–ാം വകുപ്പ് അനുസരിച്ച് വോട്ടര്‍പ്പട്ടികയില്‍ പേര് ചേർക്കാനുള്ള അടിസ്ഥാന വ്യവസ്ഥ ഇന്ത്യൻ പൗരന്മാർ ആയിരിക്കണം എന്നതാണ്.
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ രാജ്യത്ത് വോട്ടവകാശമുള്ളൂ. പൗരത്വം തെളിയിക്കാൻ എന്തെല്ലാം രേഖകൾ വേണമെന്ന് തീരുമാനിക്കാനുള്ള ഭരണഘടനാപരമായ അവകാശം ആഭ്യന്തര മന്ത്രാലയത്തിനാണ്. പൗരത്വം സംബന്ധിക്കുന്ന നിയമവും തുടർനടപടികളുമെടുക്കേണ്ടതും ആഭ്യന്തര മന്ത്രാലയമാണ്. സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെയും ആഭ്യന്തര മന്ത്രാലയം പൗരത്വത്തിന് എന്തെല്ലാം രേഖകൾ വേണമെന്ന് പറഞ്ഞിട്ടില്ല. ഇവിടെയിപ്പോൾ തെരഞ്ഞെടുപ്പ് കമീഷനാണ് പൗരത്വം തെളിയിക്കാൻ എന്തൊക്കെ രേഖകൾ വേണമെന്ന് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമീഷന് അതിന് അധികാരമില്ല. രേഖകൾ ശരിയാണോയെന്ന് പരിശോധിക്കാൻ മാത്രമേ കമീഷന് അധികാരമുള്ളു. സർക്കാർ ഇതുവരെയും പ്രഖ്യാപിക്കാത്ത കാര്യത്തിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടന അധികാരം നൽകുന്നില്ല. അധികാരമില്ലാതെ പ്രയോഗിക്കുന്ന അധികാരം നിയമപരമായി നിലനിൽക്കില്ല.
രാജ്യത്തെ ജനങ്ങളെ പലവിഭാഗങ്ങളായി തിരിച്ചാണ് എസ്ഐആർ നടപ്പാക്കിയത്. നിയമത്തിൽ ഇത്തരം വിഭാഗങ്ങളെക്കുറിച്ച് പറയുന്നില്ല. കമീഷൻ സ്വന്തമായി ഉണ്ടാക്കിയ വിഭാഗങ്ങളാണിത്. നിയമപരമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ എങ്ങനെയാണ് കമീഷൻ ചെയ്യുന്നത്. ഭരണഘടനയുടെ 324–ാം വകുപ്പ് അനുസരിച്ച് തെരഞ്ഞെടുപ്പ് കമീഷന് ധാരാളം അധികാരങ്ങളുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും കാര്യത്തെ സംബന്ധിക്കുന്ന നിയമം നിലവിലില്ലെങ്കിൽ കമീഷന് അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാം. പക്ഷേ, നിയമമുണ്ടെങ്കിൽ ആ നിയമമനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ പറ്റൂ.
എസ്ഐആർ നടപടിക്രമങ്ങളിലൂടെ 13 കോടി ജനങ്ങളെയാണ് വോട്ടർപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ഇതിൽ എത്രപേരുടെ വീടുകളിലാണ് എന്യൂമറേറ്റർമാർ പോയത്. എന്തടിസ്ഥാനത്തിലാണ് ജനങ്ങളെ ഒഴിവാക്കിയത്. അതൊരു വലിയ ചോദ്യമാണ്. കാരണം, നിയമവ്യവസ്ഥകൾക്ക് അനുസരിച്ചല്ല നടപടികളെന്നതിന് ഉദാഹരണങ്ങളേറെ. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയെല്ലാം അടിസ്ഥാന രേഖകളാണ്. ഇത് തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിക്കാതിരിക്കുന്നത് ആളുകളെ പട്ടികയിൽനിന്ന് നീക്കാനുള്ള തന്ത്രമായിട്ട് വേണം കാണാൻ.
തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് പ്രത്യേക അധികാരങ്ങളില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും രണ്ട് കമീഷൻ അംഗങ്ങൾക്കും തീരുമാനമെടുക്കുന്ന കാര്യത്തിൽ തുല്യ അവകാശമാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ ഭൂരിപക്ഷം അനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. ആരാണ്, എപ്പോഴാണ്, എങ്ങനെയാണ് തീരുമാനങ്ങൾ എടുത്തതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ അറിയുന്നില്ലെന്നാണ് വാർത്തകൾ. ഇത് ശരിയെങ്കിൽ സാഹചര്യം അതീവ ഗുരുതരമാണ്. എടുത്ത തീരുമാനങ്ങൾക്കൊന്നും നിയമസാധുത ഇല്ല. എസ്ഐആർ നടപടിക്രമങ്ങൾ നിയമമനുസരിച്ചല്ല എന്നാണ് എന്റെ അഭിപ്രായം. സുപ്രീംകോടതി എന്തുകൊണ്ട് ഇത് ചൂണ്ടിക്കാണിക്കുകയും റദ്ദാക്കുകയും ചെയ്യുന്നില്ലെന്നത് പ്രശ്നമായി നിൽക്കുന്നു. എസ്ഐആറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പത്രവാർത്തകളിലൂടെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.
എസ്ഐആർ തയ്യാറാക്കിയത് നിരുത്തരവാദപരമായാണെന്ന് വ്യക്തം. ഈ സംവിധാനം ഉടൻ അവസാനിപ്പിച്ച് നിയമത്തിൽ പറയുംവിധം വോട്ടര്‍പ്പട്ടിക പുതുക്കണം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഇഷ്‌ടമനുസരിച്ച് ചെയ്യാവുന്ന നടപടിയല്ലിത്. ഇതിനെല്ലാം നിയമങ്ങളുണ്ട്. ആ നിയമങ്ങൾ അനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യാവൂ. ജനങ്ങളുടെ മുന്നിലുള്ള ഗുരുതര ആരോപണങ്ങൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം.










0 comments