വോട്ടർമാർക്ക് വിവരങ്ങൾ അറിയാം ; കേന്ദ്രീകൃത തെരഞ്ഞെടുപ്പ് കോൾ സെന്റർ തുടങ്ങി

തിരുവനന്തപുരം : വോട്ടർമാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനുമായി കേന്ദ്രീകൃത തെരഞ്ഞെടുപ്പ് കോൾ സെന്റർ പ്രവർത്തനം തുടങ്ങി. 1950 എന്ന ടോൾ-ഫ്രീ ഹെൽപ്പ് ലൈൻ നമ്പർവഴി വിവരങ്ങൾ ലഭ്യമാകും. സംസ്ഥാന ഐടി മിഷന്റെ കീഴിലെ ഗവൺമെന്റ് കോൺടാക്ട് സെന്ററുമായാണ് കോൾ സെന്റർ സംയോജിപ്പിച്ചത്.
വോട്ടർ രജിസ്ട്രേഷൻ, വോട്ടർ പട്ടികയിലെ മാറ്റങ്ങൾ, പോളിങ് സ്റ്റേഷൻ വിശദാംശങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. വോട്ടർ ഐഡി വിശദാംശങ്ങളിലെ പൊരുത്തക്കേടുകൾ, വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നഷ്ടപ്പെട്ടത്, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാനും സാധിക്കും. പരാതി രജിസ്ട്രേഷനും ട്രാക്കിങ് സംവിധാനവുമുണ്ടാകും. സർക്കാരുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും പരാതികൾക്കും 0471-155300ൽ ബന്ധപ്പെടാം. സെന്ററിന്റെ ഉദ്‌ഘാടനം ഐടി മിഷൻ ഓഫീസിൽ ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കർ നിർവഹിച്ചു. ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ അധ്യക്ഷനായി.










0 comments