തൊഴിലാളികളുടെ കൂടെ നിൽക്കാൻ കോൺഗ്രസ് തയാറല്ല; ദേശീയ പണിമുടക്കിനെ അപമാനിക്കുന്നു: എളമരം കരീം

elamaram kareem
തിരുവനന്തപുരം: രാജ്യവ്യാപകമായി നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിനിടെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് ജാഥ നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം.
പണിമുടക്ക് ദിവസം തന്നെ ജാഥയുമായി മുന്നോട്ട് പോകുന്നത് തൊഴിലാളികളുടെ വികാരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം ജാഥ മാറ്റിവെച്ചതുകൊണ്ട് തിരഞ്ഞെടുപ്പിനെ അത് ബാധിക്കില്ലായിരുന്നുവെന്നും തൊഴിലാളികളെ വെല്ലുവിളിക്കുന്ന സന്ദേശമാണ് യുഡിഎഫ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസും ഐഎൻടിയുസിയും പണിമുടക്കുമായി സഹകരിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് വിട്ടുനിൽക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്നും കരീം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഐഎൻടിയുസി പ്രവർത്തകരെ പണിമുടക്കിൽ നിന്ന് കോൺഗ്രസ് വിലക്കിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ അവർ സംയുക്ത കൺവെൻഷനുകളിലും പ്രകടനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.
ഐഎൻടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചർച്ച ചെയ്താണ് പണിമുടക്കിന് തീരുമാനമെടുത്തത്. രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കേരളത്തിലെ കോൺഗ്രസിന് ഇത് മനസ്സിലാകുന്നില്ല. പണിമുടക്ക് വിജയിപ്പിക്കാൻ ബലം പ്രയോഗിച്ചോ അക്രമം നടത്തിയോ ഒന്നും ചെയ്യേണ്ടതില്ലെന്നാണ് സമരസമിതിയുടെ പൊതുവായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ യുഡിഎഫ് ജാഥ മാറ്റിവയ്ക്കണമെന്ന് ഐഎൻടിയുസി പോലും ആവശ്യപ്പെട്ടിരുന്നതായി പത്രവാർത്തകൾ കണ്ടിരുന്നുവെന്നും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഈ സമീപനം വേദനാജനകമാണെന്നും എളമരം കരീം പറഞ്ഞു.










0 comments