അന്യായ നടപടിയുമായി ഇ ഡി; നോട്ടീസ് കൈമാറാതെ പ്രതിപക്ഷനേതാവിന്റെ വീട്ടിൽ പതിച്ചു

പിണറായി വിജയന്റെ തിരുവന്തപുരത്തെ വീട്ടിൽ ഇ ഡി പതിപ്പിച്ച നോട്ടീസ് (ഇടത്)
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ പേരിൽ അന്യായ ഇടപെടലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവന്തപുരത്തെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ സമൻസ് നോട്ടീസ് പതിച്ചു. നോട്ടീസ് കൈമാറാൻ തയ്യാറാകാതെയാണ് ഇ ഡി ഉദ്യോഗസ്ഥരുടെ നടപടി.
കണ്ണൂരിൽ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയാണ് പിണറായി. ഇ ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ സ്റ്റാഫായ സുനിൽ ഉണ്ടായിരുന്നു. നോട്ടീസ് കൈപ്പറ്റണമെന്ന് ഉദ്യോഗസ്ഥർ സുനിലിനോട് ആവശ്യപ്പെടുകയും ഇതിന് തയ്യാറാകാതിരുന്നതോടെ ഭിത്തിൽ നോട്ടീസ് ഒട്ടിക്കുകയുമായിരുന്നു. തുടർന്ന് സാക്ഷിയായി ഒപ്പിടണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ സുനിൽ വിസമ്മതിച്ചു. പിന്നാലെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർ പ്രതിപക്ഷനേതാവിന്റെ വീടിനടുത്തുള്ള കടക്കാരനോട് സാക്ഷിയായി ഒപ്പിടണമെന്ന് ആവശ്യപ്പെട്ടു. കടക്കാരനും ആവശ്യം നിഷേധിച്ചു. തുടർന്ന് രണ്ട് പൊലീസുദ്യോഗസ്ഥർ തന്നെയാണ് ഇ ഡിക്ക് സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്.
23ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്.
വിവരമറിഞ്ഞ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി. ഇന്ന് തന്നെ നോട്ടീസ് നൽകാനാണെങ്കിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് കണ്ണൂരിൽചെന്ന് കൈമാറാമായിരുന്നു. ഇ ഡിയുടെയും പൊലീസിന്റെയും നടപടി കരുതിക്കൂട്ടി അപമാനിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് നേതാക്കൾ പറഞ്ഞു.








0 comments