ad
Deshabhimani

പരിസ്ഥിതിലോല മേഖല: സമയപരിധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം; നോക്കുകുത്തിയായി സംസ്ഥാന സർക്കാർ

Western Ghats
വെബ് ഡെസ്ക്

Published on Sep 23, 2026, 09:22 PM | 1 min read

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാനുള്ള 60 ദിവസത്തെ സമയപരിധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം. ജനവാസ മേഖലകളെ ഒഴിവാക്കി കർഷകരുടെയും മലയോര ജനതയുടെയും ആശങ്കകൾ പരിഹരിക്കാൻ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ട ഘട്ടത്തിലും സംസ്ഥാന സർക്കാർ നോക്കുകുത്തിയായി തുടരുകയാണ്.


ജൂലൈ 27നാണ്‌ കേന്ദ്രം പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട്‌ കരട്‌ വിജ്ഞാപനം പുറത്തിറക്കിയത്‌. 60 ദിവസം കഴിഞ്ഞാൽ അന്തിമ വിജ്ഞാപനമാകും. ഇ‍ൗ മാസം 25 വരെയാണ്‌ പരാതികൾ നൽകാനുള്ള അവസരമുള്ളത്‌. വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനോ എതിർപ്പറിയിക്കാനോ ഇതുവരെ യുഡിഎഫ്‌ സർക്കാർ തയ്യാറായില്ല. കേരളത്തിന്റെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്‌ പട്ടികയിലുള്ളത്‌. ഇതിൽ ജനവാസ മേഖല, കൃഷിയിടം, വനപ്രദേശം, വികസന മേഖല എന്നിവയുടെ പ്രത്യേകത പരിശോധിച്ച് അന്തിമ നിലപാട് കേന്ദ്രത്തെ അറിയിക്കണമെന്ന ആവശ്യം ശക്തമാണ്‌. ഭൂമിയും വീടും ഇഎസ്എ പരിധിയിലുണ്ടോ എന്നറിയാൻ കർഷകർ നെട്ടോട്ടമോടുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന് സർക്കാർ നടിക്കുകയാണ്.


കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 131 വില്ലേജാണ് ഇഎസ്എയിലുള്ളത്. ഇടുക്കിയിൽമാത്രം 51 വില്ലേജാണ്‌. ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന സംസ്ഥാന നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കൃത്യമായ സ്ഥലപരിശോധനയും രേഖകളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണവും ആവശ്യമാണെന്നാണ്‌ മലയോര ജനതയുടെ നിലപാട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home