print edition പൊതിച്ചോറ് വിതരണം ഉപേക്ഷിക്കില്ല: വി കെ സനോജ്

മുക്കം (കോഴിക്കോട്): വലതുപക്ഷ അവസരവാദ രാഷ്‌ട്രീയത്തിന്റെ പടുകുഴിയിൽവീണ ജി സുധാകരനെപ്പോലുള്ളവർ പറഞ്ഞെന്നുകരുതി ഡിവൈഎഫ്‌ഐ പൊതിച്ചോറ് വിതരണം ഉപേക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആശുപത്രികളിൽ ഇനിയും പൊതിച്ചോറ് നൽകും. രക്തം ദാനംചെയ്യും. സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. അധികാരക്കസേര ഉറപ്പിക്കാനായി സ്വന്തം അനിയന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറഞ്ഞ്, അതിന് കാരണക്കാരായ കൊലയാളികളുമായി കൈകോർത്ത ജി സുധാകരനാണ് പൊതിച്ചോർ വിതരണം അനാവശ്യമാണെന്ന വാദം മുന്നോട്ടുവയ്‌ക്കുന്നത്.
പൊതിച്ചോറ് അഭിമാനകരമായ പദ്ധതിയാണെന്ന് രമേശ് ചെന്നിത്തലയും ഡിവൈഎഫ്‌ഐ കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസ് മാതൃകയാക്കണമെന്ന് കെ സുധാകരനും പറഞ്ഞത് ഇന്നും സമൂഹമാധ്യമങ്ങളിലുണ്ട്.
ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായ ‘ദ ഗാർഡിയൻ’ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണത്തെ പ്രശംസിച്ചെഴുതുമ്പോഴാണ് സുധാകരന്റെ പരാമർശമെന്നും സനോജ് പറഞ്ഞു.











0 comments