കാലാനുസൃത നവീകരണത്തിലേക്ക്: വി കെ സനോജ്

തൃശൂർ: ഡിവൈഎഫ്‌ഐയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും, കാലാനുസൃതവും സർഗാത്മകവുമായി നവീകരിക്കുകയും ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തനങ്ങൾ കൂടുതൽ വൈവിധ്യപൂർണമാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സമ്മേളനം ചർച്ച ചെയ്‌തു.
പ്രവർത്തന– സംഘടനാ റിപ്പോർട്ടിൻമേൽ ഗുണകരമായ ചർച്ച നടന്നു. ജെൻസി അടക്കമുള്ള പുതുതലമുറയെ ആകർഷിക്കുന്ന തരത്തിൽ സംഘടനയുടെ പ്രവർത്തനം വൈവിധ്യമാക്കുന്നതിനെക്കുറിച്ചും നിർദേശം ഉയർന്നു. കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലുണ്ടായ പിഴവുകളും പോരായ്മകളും ചർച്ച ചെയ്‌തു.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും സനോജ് പറഞ്ഞു. സമ്മേളനത്തിൽ വ്യത്യസ്തമായ പ്രമേയങ്ങൾ പാസാക്കിയെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. തൊഴിൽ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർത്തുക, മയക്കുമരുന്ന് വ്യാപനം തടയുക, ക്വീർ– -ട്രാൻസ് സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ പ്രമേയങ്ങളാണ് സമ്മേളനം ഇതുവരെ അംഗീകരിച്ചതെന്നും വസീഫ് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്‌മ അജയഘോഷ്, തൃശൂർ ജില്ലാ സെക്രട്ടറി കെ എസ് റോസൽരാജ് എന്നിവരും പങ്കെടുത്തു.










0 comments