ദസറ, നവരാത്രി; ബെംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

തിരുവനന്തപുരം : ദസറ, നവരാത്രി അവധിക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവെ. ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിലാണ് പ്രത്യേക സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 16, 17 തീയതികളിൽ ബെംഗളൂരു കന്റോൺമെന്റിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസ്. ഉത്സവാവധിക്ക് നാട്ടിലേക്ക് എത്തുന്നവർക്കും തിരികെ ബെംഗളൂരുവിലേക്ക് പോകുന്നവർക്കും അധിക യാത്രാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരത്തേക്കുള്ള പ്രത്യേക എക്സ്പ്രസ് ട്രെയിൻ (06575) ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടും. ഒക്ടോബർ 17ന് ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിലെത്തും.
ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ (06576) ഒക്ടോബർ 17ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. ഒക്ടോബർ 18ന് ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും.
ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ വിവിധ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല ശിവഗിരി എന്നീ സ്റ്റേഷനുകളിൽ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുണ്ടാവും.
ദസ്റ, നവരാത്രി കണക്കിലെടുത്തുള്ള സ്പെഷ്യൽ ട്രെയിനിന് ആകെ 20 കോച്ചുകളാണുള്ളത്. നാല് എസി 3 ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ട്.
അവധിക്കാല പ്രത്യേക ട്രെയിനായതിനാൽ മുൻകൂർ റിസർവേഷൻ ഒക്ടോബർ 14ന് രാവിലെ എട്ടുമുതൽ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ബുക്കിങ് സംവിധാനത്തിലൂടെ ടിക്കറ്റ് ലഭ്യത പരിശോധിക്കാം. യാത്രയ്ക്ക് മുമ്പ് സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമുണ്ടോയെന്ന് ഔദ്യോഗിക റെയിൽവേ അറിയിപ്പുകൾ വഴി ഉറപ്പു വരുത്തണമെന്നും റെയിൽവേയുടെ നിർദേശമുണ്ട്.








0 comments