print edition മുഖ്യമന്ത്രിയുടെ ഓഫീസിലെ ലഹരിമാഫിയ; പണമിടപാടിൽ അന്വേഷണമില്ല


റഷീദ് ആനപ്പുറം
Published on Sep 22, 2026, 01:24 AM | 1 min read
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ പ്രതിയായ കാസർകോട് എംഡിഎംഎ കേസിൽ സാന്പത്തിക സ്രോതസ്സ് അന്വേഷിക്കാതെ പൊലീസ്. മയക്കുമരുന്ന് വ്യാപാരത്തിൽ കോടികളുടെ പണമിടപാടാണ് നടന്നതെന്ന് പ്രാഥമികമായി തെളിഞ്ഞിട്ടും കൂടുതൽ അന്വേഷണം നടത്താതെ കേസ് ഒതുക്കുകയാണ്. രണ്ട് വർഷത്തിനിടെ 20 കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. ആഗസ്‌ത് ആദ്യവാരംമാത്രം 48 ലക്ഷംരൂപയാണ് മുഹമ്മദ് ഹുസൈന്റെ അക്കൗണ്ടിൽനിന്ന് ഗുജറാത്തിൽ അറസ്‌റ്റിലായ എംഡിഎംഎ മൊത്ത വിതരണക്കാരി റിയ ഖാന്റെ അക്കൗണ്ടിലെത്തിയത്. റിയാഖാനാണ് റാക്കറ്റിനെ നിയന്ത്രിക്കുന്നത്. ബംഗളൂരുവിലെ നൈജീരിയൻ ഏജന്റിൽനിന്നാണ് എംഡിഎംഎ വാങ്ങിയിരുന്നത്. ഇതിന് സ്വന്തം അക്കൗണ്ടിന് പുറമെ ബിനാമി അക്കൗണ്ടിൽനിന്നും ഹുസൈൻ റിയാഖാന് പണം അയച്ചിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപാരിയായിരിക്കെത്തന്നെ സതീശന്റെ ഓഫീസും ഒൗദ്യോഗിക വസതിയും നിരവധി തവണ ഹുസൈൻ സന്ദർശിച്ചതിന്റെ തെളിവ് കിട്ടിയിട്ടും അവ രേഖപ്പെടുത്താൻ എസ്‌ഐടി തയ്യാറാകുന്നില്ല. കേസിൽ മുഖ്യമന്ത്രിയും കുടുങ്ങുമെന്നതിനാൽ കുറ്റപത്രത്തിൽനിന്ന് ഇക്കാര്യം ഒഴിവാക്കാനാണ് നിർദേശം. ഹുസൈൻ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയെന്ന് വെളിപ്പെടുത്തിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്‌റ്റിലാകുന്നവരുടെ സാന്പത്തിക ഇടപാട് അന്വേഷിച്ച് സ്വത്ത് കണ്ടുകെട്ടുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിരുന്നു. കാസർകോട് എംഡിഎംഎ കേസിൽ അതുമില്ല. ഹുസൈനെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പൊലീസ് മൂന്നു ദിവസത്തേക്ക് കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു. എന്നാൽ പെരുന്പാവൂരിലും എംഡിഎംഎ വാങ്ങിയ ബംഗളൂരുവിലും എത്തിച്ച് തെളിവെടുപ്പും നടത്തിയില്ല.
ഹുസൈൻ നടത്തിയ വിദേശയാത്രകളുടെ മറവിൽ വൻതോതിൽ ഹവാല ഇടപാട് നടന്നതായും സൂചനയുണ്ട്. വിദേശയാത്ര നടത്തിയ ഘട്ടങ്ങളിലെല്ലാം വി ഡി സതീശനെ സന്ദർശിച്ചിട്ടുമുണ്ട്. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഒൗദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും നിയമസഭയിലെ ഓഫീസിലും പറവൂരിലെ മണ്ഡലം ഓഫീസിലും ദേശത്തെ വീട്ടിലും ഹുസൈൻ എത്തി. മുഖ്യമന്ത്രിയായിരിക്കെയും നേരിട്ട് കണ്ടിട്ടുണ്ട്. ഇതൊന്നും എസ്‌ഐടി അന്വേഷിക്കുന്നേയില്ല. ഫോൺകോളുകളുടെ വിശദാംശങ്ങൾ പോലും അന്വേഷിക്കുന്നില്ല.










0 comments