സ്‌കൂട്ടർയാത്രയ്ക്കിടെ ബിയർ കുടിച്ചു: യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു; പ്രതികൾക്ക് റോഡ് സുരക്ഷാ ക്ലാസ്

കാക്കനാട്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിലിരുന്ന് ബിയർ കുടിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു. എറണാകുളം തുതിയൂർ സ്വദേശി അക്ഷയിന്റെ (26) ലൈസൻസാണ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇയാളും ഒപ്പം സ്കൂട്ടറിലുണ്ടായിരുന്ന നിഖിൽ ഷാജി (26), അഭിമന്യു (26) എന്നിവരും റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കണമെന്നും ആർടിഒ നിർദേശിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രി തൃപ്പൂണിത്തുറയിലാണ് സംഭവം. മൂന്നുപേർ ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിക്കുകയും പിന്നിലിരുന്നയാൾ ബിയർ കുടിച്ചശേഷം മറ്റുള്ളവർക്ക് പകർന്നുനൽകുകയുമായിരുന്നു. തൊട്ടുപിന്നാലെവന്ന വാഹനത്തിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതോടെയാണ് തൃക്കാക്കര പൊലീസ് കേസെടുത്ത് മൂവരെയും അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിടുകയും സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.










0 comments