print edition ഡോ. സുരേഷ് കുമാറിന് ഡബ്ല്യുഎച്ച്‌ഒ പുരസ്കാരം

കോഴിക്കോട് : ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) പബ്ലിക് ഹെൽത്ത് ചാമ്പ്യൻ പുരസ്കാരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (ഐപിഎം) സ്ഥാപക ഡയറക്‌ടർ ഡോ. സുരേഷ് കുമാറിന്. പാലിയേറ്റീവ് കെയർ രംഗത്തെ അന്താരാഷ്ട്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഇന്ത്യയിലെ ആദ്യത്തെ സാമൂഹികാധിഷ്‌ഠിത പാലിയേറ്റീവ് കെയർ പ്രസ്ഥാനമായ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സ്ഥാപകരിൽ പ്രമുഖനാണ് ഡോ. സുരേഷ് കുമാർ.
ഗുരുതര രോഗപീഡ അനുഭവിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാൻ പ്രാദേശിക കൂട്ടായ്‌മകളെയും സന്നദ്ധപ്രവർത്തകരെയും സജ്ജമാക്കുന്നതിൽ അദ്ദേഹം നേതൃത്വം നൽകി. പിപിസിഎസിന്റെ പരിശീലന, സേവന, ഗവേഷണ വിഭാഗമായാണ് കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ പ്രവർത്തിക്കുന്നത്. രോഗീപരിചരണം ആശുപത്രികളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ ഉത്തരവാദിത്തമാക്കി മാറ്റാൻ ഐപിഎമ്മിന് കഴിഞ്ഞു. 2010-ൽ ലോകാരോഗ്യ സംഘടന ഐപിഎമ്മിനെ ഔദ്യോഗിക സഹകരണ കേന്ദ്രമായി (ഡബ്ലിയുഎച്ച്ഒ കൊളാബരേറ്റിങ് സെന്റര്‍) അംഗീകരിച്ചു. സെപ്തംബര്‍ എട്ടിന് ടിമോര്‍ ലെസ്റ്റിൽ നടക്കുന്ന കോൺഫറൻസിൽ പുരസ്കാരം സമ്മാനിക്കും.










0 comments