Deshabhimani

print edition എം പിക്ക്‌ വിടചൊല്ലി നാട്‌

ഡോ. എം പി പരമേശ്വന്‌  സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുഷ്‌പചക്രം അർപ്പിക്കുന്നു

ഡോ. എം പി പരമേശ്വന്‌ സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുഷ്‌പചക്രം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 01:31 AM | 2 min read

തൃശൂർ: ശാസ്‌ത്രത്തെ ജനമധ്യത്തിലേക്ക്‌ കൊണ്ടുവന്ന ജനകീയ ശാസ്‌ത്രപ്രചാരകന്‌ നാടിന്റെ വിട. മനുഷ്യസമൂഹത്തിന്റെ വളർച്ചയെക്കുറിച്ച്‌ അതിരുകളില്ലാതെ സ്വപ്‌നം കാണുകയും അതിനായി അക്ഷീണം പ്രവർത്തിക്കുകയുംചെയ്‌ത എം പി പരമേശ്വരൻ ചൊവ്വാഴ്‌ച തൃശൂർ കോട്ടപ്പുറത്തെ വസതിയിലാണ്‌ അന്തരിച്ചത്‌.


മൃതദേഹം ഒ‍ൗദ്യോഗിക ബഹുമതികളോടെ പാറമേക്കാവ്‌ ശാന്തിഘട്ടിൽ സംസ്‌കരിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, ചിന്ത ജനറൽ മാനേജർ ഗോപി നാരായണൻ, സി പി നാരായണൻ, ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ സി രാമകൃഷ്‌ണൻ, ഡോ. ജിജു പി അലക്‌സ്‌ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു.


അവസാനംവരെയും ഇടതുപക്ഷ 
സമൂഹത്തിനൊപ്പം നിന്നു: എം വി ഗോവിന്ദൻ


ആശയപരമായ അകൽച്ച ഉണ്ടാകുമ്പോഴും അവസാനശ്വാസംവരെയും ഇടതുപക്ഷ രാഷ്ട്രീയ സമൂഹത്തിനൊപ്പം നിലകൊണ്ട ആളാണ്‌ എം പി പരമേശ്വരനെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


എം പി പരമേശ്വരന്റെ രചനകളെല്ലാം ഇപ്പോഴും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്‌. ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളും സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരുന്നുവെങ്കിലും അതിനു ശേഷവും ഇടതുപക്ഷ രാഷ്‌ട്രീയത്തോടൊപ്പം സജീവമായി നിൽക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌.


കൃത്യമായ സാമൂഹ്യാവബോധത്തോടെ ശാസ്‌ത്രസമൂഹത്തെയും അതുവഴി രാഷ്‌ട്രീയ സമൂഹത്തെയും രൂപപ്പെടുത്താനും ഫലപ്രദമായി ഇടപെട്ടു. മാർക്‌സിസ്റ്റ്‌ കാഴ്‌ചപ്പാടോടെ കേരളീയ സമൂഹത്തിൽ ധൈഷണിക നിലപാട്‌ സ്വീകരിക്കാനും പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ കൃത്യമായ കാഴ്‌ചപ്പാട്‌ അവതരിപ്പിക്കാനും വഴിയൊരുക്കിയതിൽ പ്രധാന വ്യക്തിയാണ്‌ എം പി പരമേശ്വരനെന്നും എം വി ഗോവിന്ദൻ അനുസ്‌മരിച്ചു.


എം പി പകർന്നുതന്നത്‌ പ്രതീക്ഷകളുടെ ലോകം: പരിഷത്ത്‌


എം പി പരമേശ്വരൻ പകർന്നുതന്നത്‌ പ്രതീക്ഷകളുടെ ലോകമാണെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌. എല്ലാവരെയും ഉൾക്കൊള്ളുന്ന, അറിവിനെ ചൂഷണോപാധിയാക്കാത്ത, പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ അണിനിരക്കുന്നവരുടെ ലോകത്തെയാണ്‌ എംപി കാണിച്ചു തന്നത്‌. അദ്ദേഹത്തിന്റെ ധിഷണ സദാ ജാഗരൂകമായിരുന്നു.

അറിവ് എത്തിച്ചുകൊണ്ടേ ജനങ്ങളെ അതിന്റെ അവകാശികളാക്കി മാറ്റാനാവൂ എന്ന് വിശ്വസിക്കുക മാത്രമല്ല, അത് പ്രായോഗികമാക്കാൻ ബദലുകൾ അദ്ദേഹം മുന്നോട്ടുവയ്ക്കുകയുംചെയ്തു.


എംപി പങ്കുവച്ച സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും കാലോചിതമായി മുന്നോട്ടുകൊണ്ടുപോകാനും കൂട്ടായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. സി രാമകൃഷ്ണൻ അനുസ്‌മരണക്കുറിപ്പിൽ പറഞ്ഞു.



യുക്തിവാദി സംഘം അനുശോചിച്ചു


ശാസ്ത്രപ്രചാരകനും യുക്തിചിന്തകനും സാമൂഹിക പ്രവർത്തകനുമായ ഡോ. എം പി പരമേശ്വരന്റെ നിര്യാണത്തിൽ കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരെ പടപൊരുതാൻ അദ്ദേഹം പൂണൂലഴിച്ച്‌ പൊതുരംഗത്തിറങ്ങിയെന്ന്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമ്പൂർണ സാക്ഷര കേരളത്തിന്റെ ശില്‍പ്പി, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നെടുംതൂൺ, ആഗോള താപനത്തിനെതിരായി ശക്തമായ നിലപാടെടുത്ത ശാസ്ത്രജ്ഞന്‍, കമ്യൂണിസ്റ്റ്‌ ചിന്തകൻ, ശാസ്ത്രപ്രചാരകൻ എന്നീ നിലകളിൽ എം പി പരമേശ്വരൻ എന്നും അറിയപ്പെടുമെന്ന്‌ സംസ്ഥാന പ്രസിഡന്റ് ഇരിങ്ങൽ കൃഷ്ണൻ, ജനറൽ സെക്രട്ടറി സന്തോഷ് മാനവം എന്നിവർ പറഞ്ഞു.


കിസാൻസഭ 
അനുശോചിച്ചു


എം പി പരമേശ്വരന്റെ വിയോഗത്തിൽ അഖിലേന്ത്യാ കിസാൻ സഭ അനുശോചിച്ചു. കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പ്രധാന ശിൽപ്പികളിൽ ഒരാളായിരുന്നു അദ്ദേഹം. ജനകീയാസൂത്രണം സംസ്ഥാനത്തെ പ്രാദേശിക കാർഷിക ഘടനയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിന്റെ(ഐആർടിസി) ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിക്കുന്പോൾ കാർഷിക സന്പദ്‌വ്യവസ്ഥയെ അദ്ദേഹം ശാസ്‌ത്രവുമായി ബന്ധിപ്പിച്ചു. മെച്ചപ്പെട്ടതും സുസ്ഥിരവും സമത്വാധിഷ്ഠിതവും ജനാധിപത്യപരവുമായ ഭാവിക്കായി പോരാടുന്ന കർഷകർക്ക്‌ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും വഴികാട്ടിയാകുമെന്നും കിസാൻ സഭ പ്രസ്‌താവനയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home