ഡോ. കൃഷ്ണ എല്ലയുടെ പുതിയ നിക്ഷേപം കേരളത്തിൽ ; ഭക്ഷ്യസംസ്‌കരണ, ലൈഫ് സയൻസ് യൂണിറ്റിന് ഇന്ന് കല്ലിടും

കൊച്ചി
രാജ്യത്ത് കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഡോ. കൃഷ്ണ എല്ലയുടെ പുതിയ സംരംഭത്തിന് അങ്കമാലിയിൽ വ്യവസായമന്ത്രി പി രാജീവ് ഞായറാഴ്‌ച രാവിലെ 10.30ന് കല്ലിടും. അങ്കമാലി കെഎസ്ഐഡിസി ബിസിനസ് പാർക്കിലാണ് ആർസിസി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റ് നിർമാണം ആരംഭിക്കുന്നത്.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപമാണ് ആർസിസി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ്. ലൈഫ് സയൻസ്, ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നങ്ങളുടെ നിർമാണത്തിനൊപ്പം കോൾഡ് സ്റ്റോറേജും സംഭരണശാലയും ആർ ആൻഡ് ഡി സൗകര്യവുമെല്ലാം ഉൾക്കൊള്ളുന്നതാണ് യൂണിറ്റ്. ഇറ്റലി, ജർമനി എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത മെഷിനറികൾക്കൊപ്പം ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങൾ, ദീർഘകാലം ഈടുനിൽക്കുന്ന ഉൽപ്പന്നങ്ങൾ നിർമിക്കാൻ സഹായകമാകും.
കേരളത്തിൽ ഒരു യൂണിറ്റ് ആരംഭിക്കാൻ കെഎസ്‌ഐഡിസി മുഖേന അപേക്ഷിച്ച് ദിവസങ്ങൾക്കുള്ളിൽ അലോട്ട്‌മെന്റ് ലഭിച്ചെന്ന ഡോ. കൃഷ്ണ എല്ലയുടെ വാക്കുകൾ നാടിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ച് കൂടുതൽ നിക്ഷേപകരിൽ ആത്മവിശ്വാസം നൽകിയിരുന്നുവെന്ന് പുതിയ സംരംഭത്തിന്റെ തുടക്കത്തെക്കുറിച്ച് വ്യവസായമന്ത്രി പി രാജീവ് പങ്കുവച്ച ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഇതിനായി മറ്റേതെങ്കിലും ഇടപെടലുകൾ ആവശ്യമായില്ലെന്നും അപേക്ഷിച്ച് അഞ്ചുദിവസത്തിനുള്ളിൽ ആവശ്യമായ അനുമതികൾ ലഭിച്ചെന്നും ഡോ. കൃഷ്ണ എല്ല പറഞ്ഞിരുന്നു.
പുതിയ യൂണിറ്റിന്റെ നിർമാണം പൂർത്തിയായി ആദ്യമാസങ്ങളിൽത്തന്നെ നൂറിലധികം തൊഴിലവസരങ്ങൾ ലഭ്യമാകും. ഫുഡ് പ്രോസസിങ്, ലൈഫ് സയൻസ് മേഖലയിൽ വലിയമുന്നേറ്റം കാഴ്ചവയ്‌ക്കുന്ന കേരളത്തിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കാൻ സഹായകമാകും ഈ സംരംഭമെന്നും മന്ത്രി കുറിച്ചു.










0 comments