വീട്ടുടമയെ രക്ഷിക്കാൻ വിഷപ്പാമ്പുമായി ഏറ്റുമുട്ടി നായകൾ; കടിയേറ്റിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു

വീട്ടുടമയുടെ ജീവൻ രക്ഷിക്കാൻ വിഷപ്പാമ്പിനോട് പോരാടിയ വളർത്തുനായ സിമ്പ മൃഗാശുപത്രിയിൽ ഡോക്ടർമാരുടെ പരിചരണത്തിൽ
കൊല്ലം : വീട്ടുടമയെ രക്ഷിക്കാൻ വിഷപ്പാമ്പിനോട് ധീരമായി പോരാടി വളർത്തുനായകൾ. പാമ്പുമായുള്ള പോരാട്ടത്തിനൊടുവിൽ മാരകമായി കടിയേറ്റെങ്കിലും വെറ്ററിനറി ഡോക്ടറുടെ അടിയന്തര ഇടപെടലിനെത്തുടർന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. കുണ്ടറ കുമ്പളം എഎ കോട്ടേജിലെ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള സിമ്പയും ബെല്ലയുമാണ് ഉടമയുടെ ജീവൻ രക്ഷിക്കാൻ പോരാടിയത്.
വെള്ളി രാത്രിയാണ് സംഭവം. വെള്ളിക്കെട്ടൻ പാമ്പാണ് വീട്ടിലെത്തിയത്. ഇൗ സമയം ബെല്ലയും സിമ്പയും പാമ്പിനെ നേരിടുകയായിരുന്നു. വീട്ടുടമയെ ആക്രമിക്കാൻ പാമ്പ് മുതിരുന്നതിനു മുമ്പുതന്നെ നായകൾ അതിനെ കടിച്ചുകുടഞ്ഞു. മിനിറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ പാമ്പിനെ സിമ്പ കടിച്ചുകൊന്നു. എന്നാൽ, ഇതിനിടയിൽ ഇരു നായകൾക്കും കടിയേറ്റിരുന്നു.
തുടർന്ന് ഉടമ നായകളെ അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്വാസമെടുക്കാൻപോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടർ അരവിന്ദിന്റെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ നൽകി. ബെല്ല മണിക്കൂറുകൾക്കുള്ളിൽ തന്നെ അപകടാവസ്ഥ തരണംചെയ്തു. സിമ്പയുടെ ആരോഗ്യനില മോശമായിരുന്നു. തുടർന്ന് രണ്ടുദിവസത്തെ വിദഗ്ധ ചികിത്സയിലൂടെ ഞായറാഴ്ച പൂർണ ആരോഗ്യ സ്ഥിതിയിലേക്ക് എത്തി. സ്വന്തം ജീവൻ പണയംവച്ച് വീട്ട് ഉടമയോട് വിശ്വസ്തത കാട്ടിയ നായകൾ ഇപ്പോൾ നാടിന്റെ പ്രിയ താരങ്ങളാണ്.









0 comments