print edition സർക്കാരിലെ ഭിന്നിപ്പ്; പൊഴിമുറിക്കാതെ പോരടിച്ച് കുട്ടനാടിനെ മുക്കി

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുറിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിൽ വരുത്തിയ ഗുരുതര വീഴ്‌ചയാണ് കുട്ടനാടിനെ പ്രളയത്തിൽ മുക്കിയത്. യുഡിഎഫ് സർക്കാരിന്റെ കൂട്ടുത്തരവാദിത്വമില്ലായ്‌മയ്‌ക്കും പിടിപ്പുകേടിനും ബലിയാടായത് കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ. പൊഴി മുറിക്കുന്നതിന്റെ പേരിൽ നേരത്തെ കുട്ടനാട് എംഎൽഎ റെജി ചെറിയാനും അന്പലപ്പുഴ എംഎൽഎ ജി സുധാകരനും കൊന്പുകോർത്തിരുന്നു. റെജി ചെറിയാൻ അന്പലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെട്ട പൊഴി പരിശോധിക്കാനെത്തിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. തന്റെ ‘അധികാര പരിധിയിൽ’ ഉൾപ്പെട്ട പ്രദേശത്ത് പരിശോധന നടത്താൻ കുട്ടനാട് എംഎൽഎ ആരാണ് എന്നായിരുന്നു സുധാകരന്റെ ചോദ്യം. ഇതിന് എംഎൽഎമാരുടെ രാജാവാകാൻ സുധാകരൻ ശ്രമിക്കരുതെന്നും അതിന് നിന്നുകൊടുക്കില്ലെന്നും റെജി ചെറിയാൻ തിരിച്ചടിച്ചു.
വെള്ളപ്പൊക്കം നിയന്ത്രിക്കാൻ മുൻവർഷങ്ങളിൽ തോട്ടപ്പള്ളി പൊഴി 300 മീറ്ററോളം നീളത്തിൽ മുറിച്ച് നീരൊഴുക്കിന് സൗകര്യമൊരുക്കിയിരുന്നു. എന്നാൽ ഇത്തവണ ഇതിനായി പ്രാഥമിക യോഗം പോലും ചേർന്നില്ല. സ്‌പിൽവേയുടെ ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൂർണമായി തുറക്കാനുമായില്ല. ഇതോടെ, ദേശീയജലപാത, ടി എസ് കനാൽ എന്നിവിടങ്ങളിൽക്കൂടിയെത്തുന്ന കിഴക്കൻവെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാതെ കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലയിൽ വെള്ളപ്പൊക്ക ദുരിതമായി.










0 comments