പിഎംഐ “ക്യാമ്പസ് ടു കരിയർ” പദ്ധതിയിൽ വിജയിയായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ വിദ്യാർത്ഥി

പിഎംഐ “ക്യാമ്പസ് ടു കരിയർ” പദ്ധതിയിൽ വിജയിയായ അബിൻ എ
തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള (ഡിയുകെ)യിലെ വിദ്യാർത്ഥിയായ അബിൻ എ, സൗത്ത് ഏഷ്യ ആസ്ഥാനമായുള്ള പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) സംഘടിപ്പിച്ച “ക്യാമ്പസ് ടു കരിയർ” പരിപാടിയിൽ വിജയികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. പിഎംഐ സ്റ്റുഡന്റ്സ് ക്ലബ്ബിന്റെ പ്രസിഡന്റും എസ്4 എംബിഎ വിദ്യാർത്ഥിയുമാണ് അബിൻ എ.
സൗത്ത് ഏഷ്യയിലെ വിവിധ പിഎംഐ സ്റ്റുഡന്റ്സ് ക്ലബ്ബുകളെ ഉൾപ്പെടുത്തി നാല്മാസം നീണ്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. പരിപാടിയുടെ ഭാഗമായി, 2026 ജൂൺ 11 മുതൽ 14 വരെ ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിൽ നടക്കുന്ന പിഎംഐ സൗത്ത് ഏഷ്യ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് മീറ്റിൽ പങ്കെടുക്കുന്നതിനായി അബിന് പിഎംഐയുടെ സ്പോൺസർഷിപ്പ് ലഭിക്കും.
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ വിദ്യാർത്ഥി പിഎംഐ ലീഡർഷിപ്പ് മീറ്റിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുമ്പ് എം എസ് സി ഡേറ്റാ അനലിറ്റിക്സ് - ബയോ എഐ വിദ്യാർത്ഥിയായ കുര്യൻ ഏലിയാസ്, ഫിലിപ്പൈൻസിലെ മനിലയിൽ നടന്ന മീറ്റിൽ പങ്കെടുക്കാനുള്ള അവസരം നേടിയിരുന്നു.
“ക്യാമ്പസ് ടു കരിയർ” പരിപാടിയുടെ പ്രത്യേകത വിജയികൾക്ക് പിഎംഐ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് മീറ്റിംഗ് (എൽഐഎം) പോലുള്ള ആഗോള ഇവന്റുകളിൽ പങ്കെടുക്കുന്നതിനുള്ള സ്പോൺസർഷിപ്പ് ലഭിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര പ്രോജക്ട് മാനേജ്മെന്റ് സമൂഹവുമായി നേരിട്ടുള്ള ഇടപെടലിനും അവസരം ലഭിക്കുന്നു എന്നതാണ്. നെറ്റ്‌വർക്കിംഗ്, സർട്ടിഫിക്കേഷൻ ട്രാക്കുകൾ,ഇൻഡസ്ട്രിയിൽ കൂടുതൽ ദൃശ്യത എന്നിവ വഴി കരിയർ വളർച്ചയ്ക്ക് വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും മികച്ച രീതിയിൽ സജ്ജരാക്കുകയാണ് പിഎംഐ ചെയ്യുന്നത്.
സൗത്ത് ഏഷ്യയിൽ പ്രോജക്ട് മാനേജർമാരുടെ ആവശ്യകത വേഗത്തിൽ ഉയർന്നുവരുന്ന സാഹചര്യത്തിൽ, “ക്യാമ്പസ് ടു കരിയർ” പോലുള്ള പദ്ധതികൾ കഴിവുള്ള വിദ്യാർത്ഥികളെ നേരത്തെ കണ്ടെത്തി ആഗോള പ്രോജക്ട് മാനേജ്മെന്റ് മേഖലയിലേക്ക് കൊണ്ടുവരുന്ന പ്രധാന ടാലന്റ് പൈപ്പ്‌ലൈനുകളിലൊന്നായി ഇത് മാറിയിട്ടുണ്ട്.








0 comments