4.62 ലക്ഷം പേർ പുറത്താകും
print edition റേഷൻ നഷ്ടമാക്കാൻ ഡിജിറ്റൽ പൂട്ട്

തിരുവനന്തപുരം : റേഷന്‍ വാങ്ങാൻ ഡിജിറ്റല്‍ കറന്‍സിയും ഇ -വാലറ്റും ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനം നേരിട്ട് ബാധിക്കുന്നത് 4,62,715 മുൻഗണനാ ഗുണഭോക്താക്കളെ. സംസ്ഥാനത്ത് അതിദരിദ്ര കുടുംബങ്ങൾക്കുള്ള മഞ്ഞ കാർഡിൽ 33,187 പേർക്കും പിങ്ക് കാർഡിൽ 4,29,528 പേർക്കും ഇകെവൈസി പൂർത്തിയാക്കാനായിട്ടില്ല.
സാങ്കേതിക തടസ്സമാണ് കാരണം. ഇത് കണക്കിലെടുക്കാതെ ഇവരുടെ റേഷൻവിഹിതം വെട്ടിക്കുറയ്‌ക്കുന്ന നീക്കവുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. തുടർച്ചയായി റേഷൻ വാങ്ങാത്ത ആറുലക്ഷത്തോളം കാർഡ് റദ്ദാക്കി റേഷൻ നിഷേധിക്കുന്നതിന് പിന്നാലെയാണ് ഡിജിറ്റൽ പരിഷ്‌കാരമെന്ന പേരിലെ പൂട്ട്.
പദ്ധതി നടപ്പാക്കാൻ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളെ തെരഞ്ഞെടുത്തതും സ്ഥിതി സങ്കീർണമാക്കും. തിരുവനന്തപുരം– 53,211 (പിങ്ക്), 3131 (മഞ്ഞ), ആലപ്പുഴ– 33,412 (പിങ്ക്), 1403 (മഞ്ഞ) എന്നിങ്ങനെയാണ് ഇകെവൈസി പൂർത്തിയാക്കാൻ ഉള്ളത്. ഇൗ ജില്ലകളിൽ ഡിജിറ്റൽ സാക്ഷരതയിൽ പിന്നിലുള്ള കർഷകർ, മത്സ്യത്തൊഴിലാളികൾ, കയർതൊഴിലാളികൾ എന്നിവർ കൂടുതലാണ്. ഇകെവൈസി പൂർത്തിയാക്കിയതിൽ മുന്നിലുള്ള ഇടുക്കി, കണ്ണൂർ, കൊല്ലം, തൃശൂർ, വയനാട് ജില്ലകളെ തഴഞ്ഞാണ് സർക്കാർ തീരുമാനം.
സ്‌മാർട് ഫോൺ ഉപയോഗിക്കുന്നവരുടെ കുറവും സാധാരണ ഫോണിൽ ആധാർ അധിഷ്‌ഠിത ഒടിപി നമ്പർ നൽകിയാലേ റേഷൻ കിട്ടൂ എന്ന വ്യവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കും. ആലപ്പുഴ ജില്ലയുടെ കായലോര പ്രദേശങ്ങളിൽ ഫോൺ സിഗ്‌നൽ കിട്ടാത്ത പ്രശ്‌നമുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ റേഷൻ കടയുടമകൾ നേരിടേണ്ടിവരുന്ന വെല്ലുവിളി പരിഹരിക്കാൻ ഇവർക്ക് സാങ്കേതിക പരിജ്ഞാനം നൽകാനും സംവിധാനമില്ല.








0 comments