print edition തദ്ദേശ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ ഗ്രേഡിങ്


ബിജോ ടോമി
Published on Feb 16, 2026, 12:37 AM | 1 min read
തിരുവനന്തപുരം
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ‘സൂപ്പർ സ്‌മാർട്ട്’ ആയോയെന്ന് ഇനി ജനങ്ങൾക്ക് പരിശോധിക്കാം. ഇതിനായി കെ സ്മാർട്ട് അധിഷ്ഠിത ഓട്ടോമേറ്റഡ് ഗ്രേഡിങ് സംവിധാനം വരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡാറ്റ വിലയിരുത്തി തദ്ദേശ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പ്രവർത്തന നിലവാരം കൃത്യമായി വിലയിരുത്തുകയാണ് ലക്ഷ്യം. കെ സ്‌മാർട്ട് വഴി ഇത് ജനങ്ങൾക്കറിയാം. ഇതിനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. പൂർണമായും സിസ്റ്റം നിയന്ത്രിതമായ സംവിധാനത്തിൽ ഗ്രേഡിങ് സുതാര്യമായിരിക്കും.
സർക്കാർതലത്തിൽ ആദ്യമായാണ് ഓട്ടോമേറ്റഡ് ഗ്രേഡിങ് സംവിധാനം സജ്ജമാക്കുന്നത്.
ഓരോ ഫയലിന്റെയും സങ്കീർണതയും പ്രാധാന്യവും അത് തീർപ്പാക്കാൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധിയും വിശകലനം ചെയ്താണ് ഗ്രേഡിങ് നിശ്ചയിക്കുന്നത്. ഒരു ഫയൽ ജീവനക്കാരന്റെ ലോഗിനിൽ എത്തിയ സമയം മുതൽ അതിന്റെ നടപടിക്രമങ്ങൾക്ക് എടുത്ത സമയവും സേവനം പൂർത്തിയാക്കി ജനങ്ങളിലെത്തിച്ച സമയവും നിരീക്ഷിക്കും. ഈ സംവിധാനം നിലവിൽ വരുന്നതോടെ ജീവനക്കാർക്ക് തങ്ങളുടെ പ്രകടനം സ്വയം വിലയിരുത്താനും മെച്ചപ്പെടുത്തൽ ആവശ്യമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാനും കഴിയും. കിലയുടെ ടിപിഎംഎസ് സോഫ്റ്റ്‌വെയറും കെ സ്മാർട്ടിലെ ഇഎച്ച്ആർഎംഎസ് സംവിധാനവും സംയോജിപ്പിച്ചാണ് സാങ്കേതിക സൗകര്യം ഒരുക്കുന്നത്.










0 comments