print edition ഗൂഗിൾ പേ വഴി പണപ്പിരിവ്; എൻജിഒ അസോ. നേതാവിൽനിന്ന് പണം പിടികൂടി

തൃശൂർ: കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ എൻജിഒ അസോസിയേഷൻ നേതാവിൽ നിന്ന് വിജിലൻസ് സംഘം അനധികൃത പണം പിടികൂടി.
അസോസിയേഷൻ ജില്ലാ പ്രസിഡന്റും ഇരിങ്ങാലക്കുട പൊതുമരാമത്ത് ഉപവിഭാഗം ഹെഡ്‌ക്ലർക്കുമായ സന്തോഷ് തോമസിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. സർക്കാർ ജീവനക്കാരിൽ നിന്നും കരാറുകാരിൽ നിന്നും ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതായും കണ്ടെത്തി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ കയറുംമുന്പേ സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും മറ്റുമായി ഉദ്യോഗസ്ഥരിൽ നിന്ന് പണം വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച പരാതിയിൽ തിങ്കൾ രാവിലെ പതിനൊന്നോടെയാണ് തൃശൂരിൽ നിന്നുള്ള വിജിലൻസ് സംഘം ഓഫീസിൽ റെയ്‌ഡ് നടത്തിയത്.
ക്യാഷ് രജിസ്‌റ്ററിൽ വരവ് വയ്‌ക്കാത്ത 16,500 രൂപ കണ്ടെത്തി. ഫോൺ പരിശോധിച്ചപ്പോൾ തെരഞ്ഞെടുപ്പ് -ഫലം വന്നശേഷം നിരവധി ജീവനക്കാരിൽ നിന്നും 20,000, 25,000 രൂപ വീതം ഗൂഗിൾ പേ വഴി സ്വീകരിച്ചതായും കണ്ടെത്തി.
കരാറുകാരിൽ നിന്നും പണം ഗൂഗിൾ പേ വഴി കൈപ്പറ്റിയിട്ടുണ്ട്. സാന്പത്തിക ഇടപാടുകൾ വിജിലൻസ് വിശദമായി പരിശോധിച്ച് വരികയാണ്. പിടിച്ചെടുത്ത പണം എൻജിഒ അസോസിയേഷൻ ഫണ്ടാണെന്നാണ് സന്തോഷ് തോമസ് വിജിലൻസിനെ അറിയിച്ചത്.










0 comments