Deshabhimani

ഒന്നാംപ്രതി നിഖിൽ പൈലിയുടെ ജാമ്യം റദ്ദാക്കി

print edition ധീരജ്‌ വധക്കേസ്‌ പ്രതികളുടെ അഭിഭാഷകൻ പിന്മാറി; കേസ്‌ ബോധപ‍ൂർവം നീട്ടാൻ ശ്രമം

Dheeraj Rajendran.jpg

ധീരജ്‌

വെബ് ഡെസ്ക്

Published on Oct 09, 2026, 01:30 AM | 2 min read

ഇടുക്കി : ഇടുക്കി ഗവ.എൻജിനിയറിങ് കോളജ് വിദ്യാർഥിയും എസ്‌എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അഭിഭാഷകൻ വീണ്ടും വക്കാലത്തൊഴിഞ്ഞു. കേസ്‌ ബോധപൂർവം നീട്ടിക്കൊണ്ടുപോകാനാണ്‌ പ്രതികളുടെ ശ്രമം.


മുട്ടം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വ്യാഴാഴ്‌ച ഒന്നാം സാക്ഷി അഭിജിത്ത്‌ ടി സുനിലിനെ ക്രോസ്‌വിസ്‌താരത്തിനെടുത്തപ്പോഴാണ്‌ കേസിൽ ഒന്നാംപ്രതി നിഖിൽ പൈലി, മറ്റുപ്രതികളായ ജെറിൻ ജോജോ, നിതിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, സോയിമോൻ സണ്ണി, ജെസിൻ ജോയി, ടോണി തേക്കിലക്കാടൻ എന്നീ ഏഴുപേരുടെ വക്കാലത്ത്‌ അഭിഭാഷകൻ സി കെ വിദ്യാസാഗർ ഒഴിഞ്ഞത്‌.


കോടതിയിൽ നിഖിൽ പൈലി ഹാജരായില്ല. ഇതിനാൽ ഇയാളുടെ ജാമ്യം റദ്ദാക്കി. നിങ്ങൾ അഭിഭാഷകനെ നിയോഗിക്കുന്നോണ്ടോയെന്ന്‌ കോടതി ആരാഞ്ഞപ്പോൾ, പ്രതികൾ ഒരുമാസത്തെ സാവകാശം ആവശ്യപ്പെട്ടു. എന്നാൽ, കോടതി അതിനു തയാറായില്ല. 15 ദിവസത്തെ സമയം നൽകി. 17ന്‌ പ്രതികളെല്ലാം ഹാജരാകണമെന്ന്‌ സെഷൻസ്‌ ജഡ്‌ജി സനു എസ്‌ പണിക്കർ നിർദേശിച്ചു.


അന്ന്‌ തന്നെ പുതിയ അഭിഭാഷകനെവച്ച്‌ കോടതിയെ ബോധ്യപ്പെടുത്തണം. ഇടുക്കി എൻജിനിയറിങ് കോളേജിൽ പഠിച്ചിറങ്ങി രാജ്യത്തും വിദേശത്തുമായി ജോലി ചെയ്യുന്ന സാക്ഷികളെ വിളിച്ചുവരുത്താൻ വലിയ ശ്രമമാണ്‌ കോടതി നടത്തുന്നതെന്നും ജഡ്‌ജി അറിയിച്ചു. പ്രതികളുടെ അഭിഭാഷകൻ പിന്മാറുന്നത്‌ ഇത്‌ രണ്ടാംതവണയാണ്‌. ആദ്യം കേസ്‌ ഏറ്റെടുത്തത്‌ യുഡിഎഫ്‌ ഇടുക്കി ജില്ലാ കൺവീനറും കോൺഗ്രസ്‌ നേതാവുമായിരുന്ന അഡ്വ. എസ്‌ അശോകനായിരുന്നു. പിന്നീട്‌ പിന്മാറി.


സാക്ഷി വിസ്താരത്തിന്‌ ബുധനാഴ്‌ച ഹാജരാകാതിരുന്ന മൂന്നാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയുമായ ടോണി തേക്കിലക്കാടന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. 2022 ജനുവരി 10ന്‌ സമാധാനപരമായി നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ പുറത്തുനിന്നെത്തിയ യൂത്ത്‌ കോൺഗ്രസ്‌ – കെഎസ്‌യു ക്രിമനലുകളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.


ഇതിനിടെ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ ആസൂത്രിതമായി നെഞ്ചിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച എസ്‌എഫ്‌ഐ പ്രവർത്തകരായ അഭിജിത് ടി സുനിൽ, എ എസ് അമൽ എന്നിവർക്കും കുത്തേറ്റ് ഗുരുതരപരിക്കേറ്റു. അമലാണ്‌ കേസിലെ രണ്ടാംസാക്ഷി. 2022 ഏപ്രിൽ രണ്ടിനാണ്‌ പൊലീസ് 600 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയദർശൻ തമ്പി ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home