Deshabhimani

ധീരജ് വധക്കേസ്: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ജാമ്യം റദ്ദാക്കി

Dheeraj Rajendran.jpg

ധീരജ് രാജേന്ദ്രൻ

വെബ് ഡെസ്ക്

Published on Oct 07, 2026, 04:22 PM | 1 min read

ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്‌ക്ക്‌ എത്താത്ത യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ അറസ്‌റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. ഒന്നാംസാക്ഷി അഭിജിത്തിന്റെ സാക്ഷി വിസ്താരത്തിന്‌ ബുധനാഴ്‌ച ഹാജരാകാതിരുന്ന കേസിലെ മൂന്നാം പ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യമാണ് മുട്ടം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകി.


യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയാണ് ടോണി തേക്കിലക്കാടൻ. ഒന്നാം പ്രതി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ നിഖിൽ പൈലി അസുഖത്തെ തുടർന്ന്‌ ഹാജരായില്ല. മെഡിക്കൽ സർടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എട്ടാം പ്രതി വെള്ളയാംകുടി സ്വദേശി അലൻ ബേബിയും ഹാജരായില്ല. കോടതിയിൽ അവധി അപേക്ഷ അഭിഭാഷകൻ മുഖാന്തിരം നൽകിയിരുന്നു.


2022 ജനുവരി 10നാണ് യൂത്ത് കോൺഗ്രസിന്റെ കൊലക്കത്തിക്കിരയായി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. യൂത്ത്‌ കോൺഗ്രസ്‌ – കെഎസ്‌യു പ്രവർത്തകരായ ജെറിൻ ജോജോ, നിതിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, സോയിമോൻ സണ്ണി,ജെസിൻ ജോയി എന്നിവരാണ്‌കേസിലെ മറ്റു പ്രതികൾ.


2022 ഏപ്രിൽ രണ്ടിനാണ്‌ പൊലീസ് 600 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരം സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ്‌ നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ എന്നീകുറ്റങ്ങളാണ്‌ പ്രതികൾക്കെതിരെ ചുമത്തിയത്‌. 160-ലധികം സാക്ഷികളുണ്ട്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയദർശൻ തമ്പിയാണ്‌ ഹാജരായത്‌. ഇതിനിടെ പ്രതികൾ പുനരന്വേഷണത്തിന്‌ ഹൈക്കോടതിയിൽ നൽകിയ ഹർജി ചൊവ്വാഴ്‌ച ഹൈക്കോടതി സിങ്കിൾ ബഞ്ച്‌ തള്ളിയിരുന്നു. വിചാരണ നടപടികൾ വ്യാഴാഴ്‌ചയും തുടരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home