ad
Deshabhimani

അതിദാരിദ്ര്യമുക്ത മണ്ഡലമായി ധർമടം

dharmadam poverty freee constituency
avatar
സ്വന്തം ലേഖകൻ

Published on Apr 14, 2025, 12:00 AM | 2 min read

കണ്ണൂർ: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധർമടം. പിണറായി കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും ഇതിനകം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. 2021 ആഗസ്‌തു മുതൽ അതിദരിദ്രരെ കണ്ടെത്താനും സേവനങ്ങൾ ലഭ്യമാക്കാനും പദ്ധതി തുടങ്ങി. ‘റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റൻസ്' സംരംഭവും മൈക്രോ പ്ലാനുകളും ആവിഷ്‌ക്കരിച്ചാണ് ലക്ഷ്യം കൈവരിച്ചത്.


ഹ്രസ്വകാലയളവിൽ നടപ്പാക്കാവുന്ന പദ്ധതികൾ, ഉടൻ നടപ്പാക്കുന്നവ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് മൈക്രോ പ്ലാനിലൂടെ സേവനങ്ങൾ നൽകിയത്. എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്നായി 196 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. അതിദരിദ്രവിഭാഗത്തിലുള്ളവർക്ക് അവകാശരേഖകളായ റേഷൻകാർഡ്, ഭിന്നശേഷി കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്‌, സാമൂഹ്യസുരക്ഷാ പെൻഷൻ എന്നിവ ലഭ്യമാക്കി. ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. 20 പേർക്ക് ആധാർ കാർഡ്, നാലുപേർക്ക് ജോബ് കാർഡ്, നാലുപേർക്ക് ഗ്യാസ് കണക്ഷൻ, 31 പേർക്ക് വോട്ടർ ഐഡി, 12 പേർക്ക് റേഷൻകാർഡ്, രണ്ടു പേർക്ക് ഹെൽത്ത് ഇൻഷുറൻസ്, രണ്ടുപേർക്ക് സെക്യൂരിറ്റി പെൻഷൻ എന്നിവ ലഭ്യമാക്കി.


ഭക്ഷണം ആവശ്യമായ 19 കുടുംബങ്ങളിൽ 79 പേർക്കും ഭക്ഷണം പഞ്ചായത്തുകൾവഴിയും കുടുംബശ്രീ സന്നദ്ധ സംഘടനകൾവഴിയുമെത്തിച്ചു. ആരോഗ്യസേവനങ്ങൾ ആവശ്യമായ 139 കുടുംബങ്ങളിൽ എല്ലാവർക്കും സേവനങ്ങൾ ഹെൽത്ത് സെന്റർവഴിയും പാലിയേറ്റീവ് കെയർവഴിയും നൽകി.

വരുമാനം ലഭ്യമാക്കാൻ 20 കുടുംബങ്ങൾക്ക് വിവിധ വകുപ്പുകൾവഴിയും ഗ്രാമപഞ്ചായത്ത് പദ്ധതിയിലൂടെയും കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും ലഭ്യമാക്കി. വീട് ആവശ്യമായ 83 പേരിൽ ലൈഫ് പദ്ധതിയിലൂടെ 27 പേർക്ക് വീടും ആറുപേർക്ക് വീടും സ്ഥലവും അനുവദിച്ചു. 40 പേർക്ക് ഗ്രാമപഞ്ചായത്ത് മുഖേന ഭവനപുനരുദ്ധാരണത്തിന്‌ തുക അനുവദിച്ചു. മൂന്ന് കുടുംബങ്ങൾക്ക് ടോയ്‌ലറ്റ്‌, ഒരു കുടുംബത്തിന് കുടിവെള്ള കണക്ഷൻ എന്നിവ അനുവദിച്ചതിലൂടെ പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഗുണഭോക്താക്കളുടെയും സ്വപ്നം സാധ്യമാക്കി.


ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. പിഎയു പ്രോജക്ട് ഡയറക്ടർ എം രാജേഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വി ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, പി ബാലൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, തദ്ദേശഭരണവകുപ്പ് ജോ. ഡയറക്ടർ ടി കെ അരുൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ കെ രവി, എ വി ഷീബ, കെ കെ രാജീവൻ, കെ ഗീത, പി വി പ്രേമവല്ലി, ടി സജിത, ജില്ലാ പഞ്ചായത്തംഗങ്ങളായ കോങ്കി രവീന്ദ്രൻ, ചന്ദ്രൻ കല്ലാട്ട്, കെ വി ബിജു, തലശേരി ബ്ലോക്ക്‌ പഞ്ചായത്തംഗം ടി എം സജിത, എ ദീപ്തി, കെ ശശിധരൻ, സി എൻ ചന്ദ്രൻ, വി എ നാരായണൻ, ടി ഭാസ്കരൻ, വി കെ ഗിരിജൻ, കെ ജയാനന്ദൻ, എം ജയപ്രകാശ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home