ad
Deshabhimani

യുഡിഎഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായി: എം വി ​ഗോവിന്ദൻ

M V Govindan Press Meet
വെബ് ഡെസ്ക്

Published on Sep 22, 2026, 04:31 PM | 2 min read

തിരുവനന്തപുരം: കേരളം ഭരിക്കുന്ന യുഡിഎഫ്‌ സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീം എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മോദിയും ഇ ഡിയും വി ഡിയും എല്ലാം കൂടി ചേർന്ന പ്രത്യേക കൂട്ടുകെട്ടാണുള്ളത്. എല്ലാ മേഖലയിലും അത്തരത്തിലുള്ള നിലപാടാണ്‌ സ്വീകരിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ ഇ ഡി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന്‌ കേസ്‌ അന്വേഷിക്കുന്നതിനുള്ള ചുമതല നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ബിജെപി രാജ്യത്തെമ്പാടും പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരായി ഈ നിലപാട്‌ സ്വീകരിക്കുകയാണ്‌. അതിനെ പിന്തുണയ്‌ക്കുകയാണ്‌ കേരളത്തില്‍ യുഡിഎഫ്‌ ചെയ്‌തിരിക്കുന്നത്‌. നേരത്തെ ഇത്തരം നിര്‍ദ്ദേശം തമിഴ്‌നാട്‌, പഞ്ചാബ്‌ സർക്കാരുകൾക്ക് ഇ ഡി നല്‍കിയപ്പോള്‍ അതിനെ തള്ളിക്കളയുകയാണ്‌ അവര്‍ ചെയ്‌തത്‌. എന്നാല്‍, ഇപ്പോള്‍ അതിനെ പിന്തുണയ്‌ക്കുന്ന നിലപാട്‌ സ്വീകരിക്കുകയാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ കേരളത്തിൽ ചെയ്‌തിട്ടുള്ളത്‌.


കോ-ലീ-ബി സഖ്യത്തിന്റെ കാലം തൊട്ട്‌ ആരംഭിച്ച ഈ കൂട്ടുകെട്ട്‌ ഭരണ തലത്തില്‍ യുഡിഎഫ്‌ ഭരണത്തിൽ എത്തിയ ശേഷവും കൂടുതല്‍ ശക്തമായി തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്‌പരം സഹായിച്ച രീതി ഭരണ തലത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ തീവ്രമായി തുടരുകയാണ്. ഈ കേസ്‌ ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഇത്‌ പിണറായി വിജയനെ ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന്‌ നേരത്തെ തന്നെ പാര്‍ടി വ്യക്തമാക്കിയിട്ടുള്ളതാണ്‌. നിര്‍ബന്ധിച്ചും, ഭീഷണിപ്പെടുത്തിയും ഇ ഡി ഉണ്ടാക്കിയ മൊഴി പിന്‍വലിക്കപ്പെട്ടിട്ടും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയെന്ന കേട്ട്‌ കേള്‍വിയില്ലാത്ത നടപടിയാണ്‌ ഉണ്ടായിരിക്കുന്നത്‌. പണം വാങ്ങിയെന്ന്‌ യുഡിഎഫ് മന്ത്രിസഭയിലെ രണ്ട്‌ അംഗങ്ങള്‍ സമ്മതിച്ചിട്ടുള്ളതാണ്‌. മുഖ്യമന്ത്രിയുടെ പേരിലും പണം വാങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്‌. താന്‍ വാങ്ങിയ പണം എത്രയെന്നും, അത്‌ എന്തിനായിരുന്നുവെന്നും വ്യക്തമാക്കേണ്ടതുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ സംബന്ധിച്ച്‌ അന്വേഷിക്കാതെ രാഷ്ട്രീയമായ ഉന്നംവെച്ച് പിണറായിയെയും റിയാസിനെയും ലക്ഷ്യം വെക്കുകയാണ്. രാഷ്‌ട്രീയ പ്രേരിതമായി ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന ബിജെപി അജണ്ടക്ക്‌ കേരളത്തെ വിട്ടുകൊടുക്കുന്ന നടപടിയാണ്‌ ഇവിടെ ഉണ്ടായിരിക്കുന്നത്‌. അതിനെ ശക്തമായി പ്രതിരോധിക്കും.


യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ചൊല്ലിയതോട്‌ കൂടി ഭരണ തലത്തിലും ഈ കൂട്ടുകെട്ട്‌ വ്യാപിക്കുകയായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പരാമര്‍ശമുണ്ടായില്ല. സമാനമായ അനുഭവം ബജറ്റ്‌ പ്രസംഗത്തിലും ഉണ്ടായി. ലേബര്‍ കോഡ്‌ അതേപോലെ നടപ്പിലാക്കുമെന്നുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിനുള്ള മറ്റൊരു കീഴടങ്ങലാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home