Deshabhimani

‘ദേശാഭിമാനി’ ഇല്ലാതെ ഒരു പ്രഭാതമില്ല; നൂറാംവയസ്സിലും മാധവന്‍പിള്ള

madhavan pillai deshabhimani
avatar
അനോബ്‌ ആനന്ദ്‌

Published on Oct 08, 2025, 03:23 PM | 1 min read

കിളിമാനൂര്‍: വയസ്സ്‌ നൂറായെങ്കിലും ഒരുദിവസംപോലും ദേശാഭിമാനി വായിക്കാതെ ഉറങ്ങാനാകില്ല, അത്രമേല്‍ ദേശാഭിമാനിയെ നെഞ്ചോടുചേര്‍ക്കുകയാണ് നഗരൂര്‍ കുടവൂര്‍ തെക്കേവിള പുത്തന്‍വീട്ടില്‍ മാധവന്‍പിള്ള. ദിവസവും നേരംപുലര്‍ന്നാല്‍ പത്രം വരുന്നത്‌ കാത്തുനിൽക്കും. രാവിലെ ഏജന്റ് സുനിലിന്റെ സ്കൂട്ടർ എത്തുമ്പോള്‍ പുഞ്ചിരിയോടെ അത്‌ വാങ്ങും. അവിടെ നിന്നുതന്നെ പേജുകളൊന്ന് നിവര്‍ത്തിനോക്കും. സുനിലിനോട് അല്‍പ്പം കുശലംപറഞ്ഞ് നേരെ വീട്ടിലെത്തി ബാക്കി വായിക്കും. നൂറുവയസ്സായെങ്കിലും കാഴ്ചയ്‌ക്ക് ഒരു കുറവുമില്ല.


രാഷ്ട്രീയ സംഭവവികാസങ്ങളും പ്രാദേശികവിവരങ്ങളും ലോകവിവരങ്ങളും സ്പോര്‍ട്സും ചരമംപോലും മുഴുവൻ വായിക്കും. മക്കളോടും ചെറുമക്കളോടും പത്രവിശേഷം പറയും. ഈ പതിവ് തുടങ്ങിയിട്ട് അരനൂറ്റാണ്ടോളമായി. പണ്ട് ദേശാഭിമാനി വീട്ടില്‍ ഇല്ലാത്ത സമയത്ത് സമീപത്തെ ഗ്രന്ഥശാലയില്‍ പോയാണ് വായിച്ചിരുന്നത്. ഭാര്യ 92 വയസ്സുള്ള ലക്ഷ്മിക്കുട്ടി. മക്കള്‍‍ ശ്രീമണി, ശിവപ്രസാദ്, സത്യകുമാര്‍, സന്തോഷ് കുമാര്‍. ചെറുപ്പംമുതലേ സിപിഐ എം അനുഭാവികളാണ് മാധവന്‍പിള്ളയും കുടുംബവും. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒരു ചിത്രം എടുക്കണമെന്നത് മാധവന്‍പിള്ളയുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home