വൈജ്ഞാനിക മുറ്റത്തെ മാനവികത
print edition വിഘ്‌നേഷിന് വീടൊരുക്കി ദേശാഭിമാനിയും കെഎസ്‌ടിഎയും; താക്കോൽ കൈമാറ്റം നാളെ

ദേശാഭിമാനിയും കെഎസ്ടിഎയും ചേർന്ന് ചവറ നല്ലേഴത്ത്മുക്കിൽ വിഘ്നേഷ് ആർ ജിത്തിനായി നിർമിച്ച വീട്
ജയൻ ഇടയ്ക്കാട്
Published on May 01, 2026, 12:00 AM | 1 min read
കൊല്ലം: വൈജ്ഞാനിക ലോകത്തിനൊപ്പം വിദ്യാർഥികളിൽ മാനവികമൂല്യങ്ങൾക്കും ദിശ തെളിച്ച് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെ സ്‌റ്റും അധ്യാപകസംഘടനയായ കെഎസ്‌ടിഎയും. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് കേരളത്തിലെ അധ്യാപകരുടെ ദിശാബോധത്തിന് തെളിമ പകരുന്ന കെഎസ്‌ടിഎയുമായി കൈ കോർത്താണ് മത്സരവിജയിക്ക് വീടൊരുക്കിയത്.
ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് നടന്ന അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് സമ്മാനവിതരണവേദിയിൽ മന്ത്രിയപ്പൂപ്പനോട് ചവറ കൊറ്റംകുളങ്ങര വിഎച്ച്‌എസ്‌എസിലെ മൂന്നാം ക്ലാസ് വിദ്യാർഥി വിഘ്‌നേഷ് പങ്കുവെച്ച ആഗ്രഹത്തിന് ശനിയാഴ്‌ച സാഫല്യമാകും.
രാവിലെ പത്തിന് മന്ത്രി വി ശിവൻകുട്ടി വിഘ്‌നേഷിന്റെ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറും. ദേശീയപാത–66 ൽ ചവറ നല്ലേഴത്ത്‌മുക്കിന് കിഴക്ക് പഴഞ്ഞിക്കാവിലാണ് വിഘ്‌നേഷിന്റെ സ്വപ്‌നഭവനം.
പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പന്, പഠിക്കുന്ന സ്‌കുളിനടുത്ത് എനിക്കൊര് കൊച്ചുവീട് വേണമെന്ന് ആഗ്രഹമുണ്ട്. എല്ലാവരെയും സഹായിക്കുന്ന മന്ത്രിയപ്പൂപ്പൻ എന്നെക്കൂടി സഹായിക്കണം.–കത്തിലെ ആവശ്യം ഇങ്ങനെയിരുന്നു.
അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് 14–ാം സീസൺ സംസ്ഥാന മത്സരത്തിൽ എൽപി വിഭാഗം രണ്ടാംസ്ഥാനക്കാരനാണ് വിഘ്‌നേഷ് ആർ ജിത്ത്. സമ്മാനം വാങ്ങാനെത്തിയപ്പോഴാണ് മന്ത്രിയോട് പഠിക്കുന്ന സ്‌കൂളിനടുത്ത് സ്വന്തമായൊരു വീട് എന്ന തന്റെ സ്വപ്‌നത്തെക്കുറിച്ച് അറിയിച്ചത്. മന്ത്രിയുടെ നിർദേശം ഏറ്റെടുത്ത് കെഎസ്‌ടിഎ സ്‌കൂളിനടുത്തുതന്നെ വീട് നിർമിച്ചു നൽകാൻ തയ്യാറായി. ഇക്കാര്യം ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് വേദിയിൽ പ്രഖ്യാപിച്ചു. രണ്ടുമാസത്തിനകം ആയിരം ചതുരശ്രയടിയിൽ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുള്ള വീട് സജ്ജമാക്കി.
വിഘ്‌നേഷിന്റെ അച്ചൻ രഞ്ജിത് പെയിന്റിങ് തൊഴിലാളിയാണ്. ശ്വാസകോശ സംബന്ധമായ അസുഖമുണ്ട്. വാടകവീട്ടിൽ കഴിയുന്ന കുടുംബം സാമ്പത്തികമായി പ്രയാസപ്പെടുന്പോഴെല്ലാം കരുത്താകുന്നത് സ്‌കുളിലെ അധ്യാപകരാണ്. അമ്മ സൂര്യ വീട്ടമ്മയാണ്. ഭൂമിയും ഭംഗിയുള്ള വീടും സ്വന്തമായതിന്റെ ആഹ്ലാദത്തിലാണ് വിഘ്‌നേഷും വീട്ടുകാരുമിപ്പോൾ.
ശനിയാഴ്‌ച വീട്ടുമുറ്റത്ത് നടക്കുന്ന ലളിതമായ ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ, സുജിത് വിജയൻപിള്ള എംഎൽഎ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീന തുടങ്ങിയവർ പങ്കെടുക്കും.









0 comments