Deshabhimani

print edition കാബിനറ്റ്‌ പദവികളിൽ തീരുമാനം; അതൃപ്‌തി പരസ്യമാക്കി മന്ത്രി മോൻസ്‌ ജോസഫ്‌

mons joseph
വെബ് ഡെസ്ക്

Published on Oct 03, 2026, 01:31 AM | 1 min read

കോട്ടയം : കാബിനറ്റ്‌ പദവികളിൽ കൂട്ടായ ചർച്ചയില്ലാതെ മുഖ്യമന്ത്രി തീരുമാനമെടുത്തതിൽ അതൃപ്തി പരസ്യമാക്കി മന്ത്രി മോൻസ്‌ ജോസഫ്‌. കേരള കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച നടന്നിട്ടില്ലെന്നും യുഡിഎഫിൽ ചർച്ചകൾ ഉണ്ടാകണമെന്നാണ് തങ്ങളുടെയും നിലപാടെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.


‘‘ചർച്ചകൾ പരമാവധി വേഗം നടത്തുന്നതാണ് നല്ലത്. ഇക്കാര്യം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയെ കാണും.പി ജെ ജോസഫിന് കാബിനറ്റ്‌ റാങ്കിലുള്ള പദവി നൽകണമെന്നാണ് പാർടിയുടെ ആവശ്യം. മുഖ്യമന്ത്രിയുമായുള്ള പ്രശ്നങ്ങൾ അദ്ദേഹംതന്നെ പറയട്ടെ. അടൂർ പ്രകാശ്‌ പറഞ്ഞത്‌ കേട്ടിരുന്നു. അടിയന്തര ചർച്ചകൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്‌’’– മോൻസ്‌ ജോസഫ്‌ പറഞ്ഞു.


മുഖ്യമന്ത്രിയുടെ നിലപാട്‌ അറിഞ്ഞശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നാണ്‌ പാർടിയുടെ വിലയിരുത്തൽ. കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫിനെ തഴഞ്ഞ്‌ ഘടകകക്ഷി നേതാക്കളായ എം കെ മുനീർ, ജി ദേവരാജൻ എന്നിവർക്ക്‌ പദവി നൽകിയ തീരുമാനം ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിലില്ലായിരുന്നു. മോൻസ്‌ യോഗത്തിലുണ്ടായിരുന്നില്ല. ഇത്തരമൊരു വിഷയമുണ്ടെന്ന്‌ മുഖ്യമന്ത്രി മോൻസിനോട്‌ പറഞ്ഞുമില്ല. മുഖ്യമന്ത്രിയുടെ തീരുമാനത്തിന്‌ മുസ്ലിംലീഗ്‌ മന്ത്രിമാർ സമ്മതമേകിയതും കേരള കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home