കേരളം കാണാൻ വീണ്ടുമെത്തി ‘ഡേവിഡ് ബെക്കാം’


വി എസ് വിഷ്‌ണുപ്രസാദ്
Published on Aug 07, 2026, 06:00 AM | 1 min read
തിരുവനന്തപുരം: കേരളത്തിലെത്തിയ ഡേവിഡ് ബെക്കാം എല്ലായിടവും ഒന്നുകറങ്ങി. കല്ലാറിൽപോയി കുളിച്ചു. ആലപ്പുഴയിൽപോയി കായലും കെട്ടുവള്ളവും കരിമീനും ഞണ്ടുമൊക്കെ ആസ്വദിച്ചു. സ്വന്തം നാടായ ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് ശനിയാഴ്‌ച തിരിച്ചുപോകും. ലോകപ്രശസ്‌ത ഇംഗ്ലീഷ് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം അല്ല. അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ മറ്റൊരു സ്പോർട്‌സ് താരമാണ് ഇൗ ബെക്കാം. ഇന്ത്യയുടെ ദേശീയ ട്രാക്ക് സൈക്ലിങ് താരമായ ഡേവിഡ് ബെക്കാമാണ് രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി തിരുവനന്തപുരത്തെത്തിയത്. സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രയിലാണ് അദ്ദേഹം തിരുവനന്തപുരത്തിറങ്ങിയത്. ഇവിടെ നിന്നാണ് അദ്ദേഹത്തിന് ആൻഡമാൻ നിക്കോബാറിലേക്കുള്ള വിമാനം.
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടാനായില്ലെങ്കിലും ഇന്ത്യയുടെ ദേശീയ റെക്കോഡ് ഭേദിക്കാൻ കഴിഞ്ഞതിലെ സന്തോഷം അദ്ദേഹം ദേശാഭിമാനിയോട് പങ്കുവച്ചു. ‘രണ്ടാംതവണയാണ് ഞാൻ കേരളത്തിൽ വരുന്നത്. കോമൺവെൽത്ത് ഗെയിംസിന്റെ പരിശീലനത്തിനുവേണ്ടി കഴിഞ്ഞവർഷം എൽഎൻസിപിയിൽ വന്നിരുന്നു. ഇവിടത്തെ ആളുകളെ എനിക്കിഷ്‌ടമാണ്. എല്ലാവരും സ്‌നേഹമുള്ളവരാണ്’– അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്ന അച്ഛൻ ഇസ്രയേലാണ് തനിക്ക് ഡേവിഡ് ബെക്കാം എന്ന് പേരിട്ടതെന്നും അച്ഛൻ ബെക്കാമിന്റെ വലിയ ആരാധകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ അച്ഛനെ കണ്ടിട്ടില്ല. അമ്മയുടെ വയറ്റിലുള്ളപ്പോൾതന്നെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിനുവേണ്ടി ഒരിക്കൽ സാക്ഷാൽ ഡേവിഡ് ബെക്കാമിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച കേരള സൈക്കിൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഡേവിഡ് ബെക്കാമിനെ ആദരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.










0 comments