നിശാഗന്ധി നൃത്തോത്സവത്തിന് ഇന്ന് തുടക്കം
print edition നിശാഗന്ധി പുരസ്കാരം മണിപ്പുരി നര്‍ത്തകി ദര്‍ശന ജാവേരിക്ക്

തിരുവനന്തപുരം
നൃത്തരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്കാരം മണിപ്പുരി നര്‍ത്തകി പത്മശ്രീ ദര്‍ശന ജാവേരിക്ക്. കനകക്കുന്നിൽ വെള്ളി വൈകിട്ട് ആറിന് ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമ്മാനിക്കും. മണിപ്പുരി നൃത്തത്തിന്റെ പാരമ്പര്യം പ്രചരിപ്പിക്കാനും വേരറ്റുപോകാതെ കാത്തുസൂക്ഷിക്കാനുമായി ജീവിതം മാറ്റിവച്ച ദര്‍ശന ജാവേരിയുടെ കലാസപര്യക്കുള്ള അംഗീകാരമായാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള ടൂറിസം സെക്രട്ടറി കെ ബിജു ചെയര്‍മാനും കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ കണ്‍വീനറുമായ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.
പതിമൂന്നുമുതല്‍ 20 വരെ നടക്കുന്ന നൃത്തോത്സവത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്തരംഗത്തെ പ്രഗല്‌ഭ കലാകാരന്മാർ അണിനിരക്കും. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ഡോ. നര്‍ത്തകി നടരാജ്, ഡോ. രാജശ്രീ വാര്യര്‍ എന്നിവര്‍ ഭരതനാട്യം അവതരിപ്പിക്കും. തുടര്‍ന്ന് 8.30ന് ലതാസന ദേവിയും സംഘവും അവതരിപ്പിക്കുന്ന മണിപ്പുരി നൃത്തമുണ്ടാകും. നൃത്തോത്സവത്തില്‍ പ്രവേശനം സൗജന്യമാണ്.










0 comments