മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്നവരുമായി സന്ധിയില്ല; പങ്കെടുത്തത് പാലീയേറ്റിവിന്റെ ആംബുലന്‍സ് ഫ്ലാഗോഫിന്: ദെലീമ

ആലപ്പുഴ: സംഘപരിവാറിന്റെയോ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയോ കാസ ഉള്‍പ്പടെയുള്ള തീവ്രനിലപാടുകാരുടെയോ വേദികളില്‍ പങ്കെടുക്കില്ല എന്നത് താനും തന്റെ പ്രസ്ഥാനമായ സിപിഐ എമ്മിന്റെയും പ്രഖ്യാപിത നിലപാടാണെന്നും മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ലെന്നും ദെലീമ എംഎൽഎ.
എംഎൽഎ എന്ന നിലയിൽ പങ്കെടുത്തത് കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫിനാണെന്നും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികള്‍ക്കല്ലെന്നും ദെലീമ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ എന്നുള്ള തരത്തില്‍ ഇതിനോടകം പല വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനിടയിൽ പ്രതികരിക്കുകയായിരുന്നു എംഎൽഎ.
പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഉൾപ്പെടെയാണ് എംഎൽഎ സാമൂഹ്യമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. സമത്വവും സാഹോദര്യവുമാണ് തന്റെ ആശയം അത് ജീവനുള്ള കാലം വരെ തുടരും അതിന്റെ പ്രചരണത്തിനായി സംസാരിക്കും പൊതുപ്രവര്‍ത്തനം ചെയ്യും പാട്ടുകളും പാടും - ദെലീമ കുറിച്ചു.










0 comments